അഭിറാം മനോഹർ|
Last Modified വെള്ളി, 16 ഡിസംബര്‍ 2022 (13:18 IST)
ഖത്തർ ലോകകപ്പിൽ ഞായറാഴ്ച സ്വപ്ന
ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിന് ആശങ്കയായി ടീമിൽ പരിക്ക് തുടരുന്നു. മുന്നേറ്റ നിര താരം കിങ്സ്ലി കോമാനാണ് ഇന്നലെ പനി ബാധിച്ചത്. ബയേൺ മ്യൂണിക് താരമായ കോമാൻ സബ്സ്റ്റിറ്റ്യൂട്ടായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
നേരത്തെ മധ്യനിരതാരമായ അഡ്രിയാൻ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും അസുഖം ബാധിച്ചിരുന്നു. സെമിയിൽ ഇവർ മൊറോക്കൊയ്ക്കെതിരെ കളിച്ചിരുന്നില്ല.ഫൊഫാനയും കൊനാട്ടയുമാണ് പകരം ഇലവനിൽ സ്ഥാനം പിടിച്ചത്. താരങ്ങൾ ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജൻ്റീനയ്ക്കെതിരായ ഫൈനലിൽ മൂന്ന് താരങ്ങൾക്കും കളിക്കാനാകില്ല.
അതേസമയം എയ്ഞ്ചൽ ഡി മരിയ പൂർണമായും കായികക്ഷമത വീണ്ടെടുത്തു എന്ന വാർത്തയാണ് അർജൻ്റീന ക്യാമ്പിൽ നിന്നും വരുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഡി മരിയയുടെ ഏക ഗോളിലായിരുന്നു അർജൻ്റീനയുടെ വിജയം. പരേഡസിന് പകരം അർജൻ്റീനയുടെ ആദ്യ ഇലവനിൽ തന്നെ ഫൈനൽ മത്സരത്തിൽ ഡി മരിയ കളിച്ചേക്കും.