അഭിറാം മനോഹർ|
Last Modified വ്യാഴം, 15 ഡിസംബര്‍ 2022 (20:07 IST)
ലോകകപ്പ് ഫൈനൽ അടുത്തിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് മെസ്സി എംബാപ്പെ എന്നീ താരങ്ങളിൽ ആര് ഗോൾഡൻ ബൂട്ടും ലോകകപ്പും സ്വന്തമാക്കുമെന്നാണ്. തൻ്റെ അവസാന ലോകകപ്പ് എന്ന നിലയിൽ അർജൻ്റീനയ്ക്ക് വേണ്ടി ജീവൻ നൽകിയാണ് മെസ്സി ഇത്തവണ ഓരോ മത്സരത്തിലും കളിച്ചിട്ടുള്ളത്. മെസ്സിയുടെ ജീനിയസ് എന്തെന്ന് ലോകം അനുഭവിച്ചറിഞ്ഞ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്.
വീണ്ടുമൊരു ലോകകപ്പിന് ബാല്യമില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെ 1986ലെ മാറഡോണയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് മെസ്സി നടത്തുന്നത്. മറഡോണയെ പോലെ ലോകകപ്പിലെ മികച്ച താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബോൾ പുരസ്കാരവും ലോകകിരീടവും സ്വന്തമാക്കാനാണ് മെസ്സി ഇക്കുറി ആഗ്രഹിക്കുന്നത്. 2014ലെ ലോകകപ്പിൽ ടൂർണമെൻ്റിലെ മികച്ച താരമായെങ്കിലും ലോകകിരീടം സ്വന്തമാക്കാൻ മെസ്സിക്കായിരുന്നില്ല.ലോകകിരീടവും ഗോൾഡൻ ബോളും ഒരുമിച്ച് സ്വന്തമാക്കിയ അനേകം കളിക്കാർ ലോകചരിത്രത്തിലില്ല. 1982ലാണ് ഫിഫ ഗോൾഡൻ ബോൾ പുരസ്കാരം ഏർപ്പെടുത്തിയത്.
ചുരുക്കം താരങ്ങൾ മാത്രമാണ് ഒരേ വർഷം ഗോൾഡൻ ബോളും ലോകകിരീടവും ഒന്നിച്ച് സ്വന്തമാക്കിയിട്ടുള്ളു.1982ൽ ഇറ്റലിയുടെ പൗളോ റോസിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 1986ൽ കപ്പ് നേടികൊണ്ട് മറഡോണയും ഈ നേട്ടം ആവർത്തിച്ചു. 1994ൽ ബ്രസീലിൻ്റെ റോമരിയോ ആണ് പിന്നീട് ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ അതിന് ശേഷം ഒരു താരത്തിനും ഒരേ വർഷം ലോകകിരീടവും ഗോൾഡൻ ബോളും ഒരുമിച്ച് നേടാനായിട്ടില്ല.
1998ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ റൊണാൾഡോ നസാരിയോയ്ക്കായിരുന്നു ഗോൾഡൻ ബോൾ പുരസ്കാരം. 2002ൽ ബ്രസീൽ കപ്പെടുത്തപ്പോൾ ജർമൻ ഗോളി ഒലിവർ ഖാൻ ഈ നേട്ടം സ്വന്തമാക്കി. 2006ൽ കിരീടനേട്ടം ഇറ്റലിയ്ക്ക് സ്വന്തമായപ്പോൾ ഫ്രാൻസിൻ്റെ സിനദിൻ സിദാനായിരുന്നു ഗോൾഡൻ ബോൾ നേട്ടം. 2010ൽ സ്പെയിൻ കപ്പെടുത്തപ്പോൾ ഉറുഗ്വയുടെ ഡീഗോ ഫോർലാൻ ലോകകപ്പിൻ്റെ താരമായി.
2014ൽ ജർമനി കിരീടം നേടിയപ്പോൾ മെസ്സിക്കായിരുന്നു ഗോൾഡൻ ബോൾ നേട്ടം. 2018ൽ ഈ പുരസ്കാരം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് സ്വന്തമാക്കി. ലോകകിരീടത്തിനൊപ്പം ഗോൾഡൻ ബൂട്ട് കൂടി സ്വന്തമാക്കാനായാൽ മറഡോണയുടെ നേട്ടം ആവർത്തിക്കാൻ മെസ്സിക്കാകും. ലോകകിരീടം നേടാനാവാതെ ഗോൾഡൻ ബോൾ മാത്രമാണ് നേടുന്നതെങ്കിൽ 2 തവണ ഈ നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാകും മെസ്സിയെ കാത്തിരിക്കുന്നത്. അപ്പോഴും ലോകകിരീടമില്ലാതെ അപൂർണമായിട്ടായിരിക്കും മെസ്സിയുടെ കരിയറിന് വിരാമമാകുക.