അഭിറാം മനോഹർ|
Last Modified വ്യാഴം, 15 ഡിസംബര്‍ 2022 (15:47 IST)
വീണ്ടുമൊരു ലോകകപ്പ് ഫൈനലിന് ഞായറാഴ്ച ലോകം സാക്ഷ്യം വഹിക്കാനിരിക്കെ ഒരു അസുലഭമായ നേട്ടത്തിനരികെയാണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാം. 98ൽ വലിയ ഫുട്ബോൾ ശക്തിയല്ലാതിരുന്ന ഫ്രാൻസ് സിനദിൻ സിദാനെന്ന ഇതിഹാസതാരത്തിൻ്റെ ചിറകിലേറി ആദ്യ കിരീടം സ്വന്തമാക്കിയപ്പോൾ അന്ന് ദിദിയർ ദെഷാമായിരുന്നു ഫ്രാൻസ് ടീമിൻ്റെ നായകൻ.
ആദ്യ ലോകകപ്പ് നേടിയ ടീമിൻ്റെ നായകൻ പരിശീലകനായപ്പോഴും ദെഷാം അപകടകാരിയായി. 2018ൽ കോച്ചായി വീണ്ടും ഒരിക്കൽ കൂടി ദെഷാം ലോകകപ്പ് കിരീടം സ്വന്തമാക്കി. ആധുനിക ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ദെഷാം 2022ൽ വീണ്ടും ഒരു ലോകകിരീടത്തിൻ്റെ തൊട്ടരുകിലാണ്.ബ്രസീലിന്റെ മരിയോ സഗല്ലോയ്ക്കും ഇതിഹാസ താരം ബെക്കന്‍ബോവറിനും ശേഷം നായകനായും കോച്ചായും കിരീടം നേടിയിട്ടുള്ള ദെഷാം ഇത്തവണ കൂടി കിരീടം സ്വന്തമാക്കിയാൽ ഇവരേക്കാൾ ഒരുപാട് ഉയരത്തിലെത്തുമെന്ന് ഉറപ്പ്. ദെഷാംസിന് അത്തരമൊരു നേട്ടം സ്വന്തമാക്കാനാകുമോ എന്നതിന് ഉത്തരം കൂടിയാകും ഇത്തവണത്തെ ലോകകപ്പ് ഫൈനൽ തരിക.