2014 ലോകകപ്പിൻ്റെ ഫൈനൽ ദിവസമാണ് റയലിൻ്റെ കത്ത് എനിക്ക് കിട്ടുന്നത്, വായിച്ചു നോക്കുക പോലും ചെയ്യാതെ ഞാനത് കീറി കളഞ്ഞു: എയ്ഞ്ചൽ ഡി മരിയ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:43 IST)
ലോകം അർജൻ്റീനയുടെ കിരീടധാരണത്തെ ആഘോഷിക്കുന്ന തിരക്കിലാണ്. പതിവ് പോലെ ഫൈനലിൽ അർജൻ്റീനയുടെ മാലാഖയായി ഏയ്ഞ്ചൽ ഡി മരിയ അവതരിച്ചപ്പോൾ മറ്റൊരു കിരീടനേട്ടം കൂടി സ്വന്തമാക്കി. 2008ലെ ഒളിമ്പിക്സ് സ്വർണമെഡൽ അടക്കം അർജൻ്റീന കിരീടനേട്ടങ്ങൾ സ്വന്തമാക്കിയ എല്ലാ മത്സരങ്ങളിലും വിജയത്തിന് തിലകക്കുറിയായി എയ്ഞ്ചലിൻ്റെ ബൂട്ടിൽ നിന്നും ഗോളുകൾ ഉതിർന്നിരുന്നു.

എന്നാൽ 2014ലെ ആ ശപിക്കപ്പെട്ട ലോകകപ്പ് ഫൈനൽ ദിനത്തിൽ കടുത്ത പരിക്കിനെ തുടർന്ന് അർജൻ്റീനയുടെ മാലാഖയ്ക്ക് കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഇതിനെ പറ്റി ഡി മരിയ പറയുന്നത് ഇങ്ങനെയാണ്. അന്ന് ലോകകപ്പ് ഫൈനലിൻ്റെ ദിനം. രാവിലെ 11 മണി ഞാൻ ക്വാർട്ടർ ഫൈനലിൽ കാലിനേറ്റ പരിക്കിൽ വലയുകയാണ്. ട്രെയ്നർ എൻ്റെ കാലിൽ ഇഞ്ചക്ഷൻ വെയ്ക്കുന്നു. വേദനാസംഹാരികൾ.

ഞാൻ ട്രെയ്നർമാരോട് പറഞ്ഞു. എനിക്ക് എത്ര വേദനിച്ചാലും പ്രശ്നമില്ല. ഇന്ന് എനിക്ക് കളിക്കാൻ കഴിയണം എന്ത് വേണമെങ്കിലും ചെയ്തോളു. ഈ സമയത്താണ് എനിക്ക് റയലിൽ നിന്നുമുള്ള കത്ത് ലഭിക്കുന്നത്. നിങ്ങൾക്ക് ഈ അവസ്ഥയിൽ കളിക്കാനാകില്ല. എന്ന് ക്ലബ് പറയുന്നു. അവർ നിങ്ങളെ കളിക്കാൻ ഇറക്കരുതെന്ന് പറയുന്നു. ടീം ഡോക്ടർ പറഞ്ഞു.

എല്ലാവർക്കും അന്ന് അറിയാമായിരുന്നു റയൽ ജെയിംസ് റോഡ്രിഗസിനെ വാങ്ങാൻ നോട്ടമിട്ടിരുന്നു. എന്നെ ടീമിൽ നിന്ന് ഒഴിവാക്കി വേണം അവനെ ടീമിലെത്തിക്കാൻ. അതിന് മറ്റൊരു ടീമിലേക്ക് എന്നെ കൊടുക്കേണ്ടതുണ്ട്. പരിക്കേറ്റ ഒരു വസ്തുവിന് വലിയ വില കിട്ടില്ലല്ലോ. ഫുട്ബോളിൻ്റെ ബിസിനസ് ഇങ്ങനെയൊക്കെയാണ്. ആ കത്ത് എനിക്ക് തരാൻ ഞാൻ ഡോക്ടറോട് പറഞ്ഞു. ഞാനത് തുറന്ന് കൂടി നോക്കിയില്ല. ആ കത്ത് ഞാൻ കഷ്ണങ്ങളായി നുറുക്കി. വലിച്ചെറിയാൻ ആജ്ഞാപിച്ചു.എൻ്റെ കാര്യം നോക്കുന്നത് ഞാനാണ്. ഞാൻ അലറി. ഡി മരിയ പറയുന്നു.

അന്ന് എന്തൊക്കെ സംഭവിച്ചാലും എൻ്റെ കരിയർ തന്നെ അവസാനിച്ചാലും ആ ഫൈനൽ മത്സരത്തിൽ കളിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ പരിക്ക് കാരണം എന്നെ കളിക്കാൻ അനുവദിച്ചില്ല. എനിക്ക് ആ ലോകകപ്പ് അത്രയ്ക്കുമധികം സ്വന്തമാക്കണമെന്ന് ഉണ്ടായിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഒന്നിൻ്റെയും നിയന്ത്രണം എൻ്റെ കയ്യിൽ ആയിരുന്നില്ല.എൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ദിവസമായിരുന്നു അന്ന്. എയ്ഞ്ചൽ ഡി മരിയ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :