Lamine Yamal: യൂറോയില്‍ തകര്‍ത്ത് കളിക്കുന്നു, ഹോട്ടല്‍ റൂമില്‍ പോയി ഹോം വര്‍ക്ക് ചെയ്യുന്നു, ചര്‍ച്ചയായി ലാമിന്‍ യമാലിന്റെ പുതിയ ചിത്രങ്ങള്‍

Lamine Yamal
അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജൂണ്‍ 2024 (18:26 IST)
Lamine Yamal
ഇറ്റലിക്കെതിരായ യൂറോ കപ്പ് മത്സരത്തിന് മുന്‍പ് സ്‌കൂളിലെ ഹോം വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുന്ന തിരക്കിലാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ താരമായ ലാമിന്‍ യമാലെന്ന് പറഞ്ഞാല്‍ അതൊരു തമാശ മാത്രമാണ് എന്നാകും പലരും കരുതുക. 16 വയസ്സ് മാത്രമുള്ള താരം സ്‌കൂള്‍ വിദ്യഭ്യാസം ചെയ്യേണ്ട സമയമായതിനാല്‍ പരിഹസിക്കുന്നതായും ഇതെന്ന് കരുതിയാല്‍ തെറ്റി. കാരണം യൂറോ കപ്പ് മത്സരം കഴിഞ്ഞ് തിരികെ ഹോട്ടല്‍ മുറിയിലെത്തി ഓണ്‍ലൈനില്‍ പഠിക്കുന്ന യമാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.


സ്‌പെയിനിലെ നിര്‍ബന്ധിത സെക്കന്‍ഡറി വിദ്യാഭ്യാസം(ഇഎസ്ഒ) ചെയ്യുകയാണ് യമാല്‍. നിലവില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായ യാമില്‍ ഒരുപിടി ഹോം വര്‍ക്കുകളുമായാണ് യൂറോ കളിക്കാന്‍ ജര്‍മനിയിലേക്ക് വന്നിരിക്കുന്നത്. 16 വയസില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട താരത്തിന് പൂര്‍ണ്ണപിന്തുണയാണ് അധ്യാപകര്‍ നല്‍കുന്നത്. യൂറോ കപ്പിന് ശേഷം പഠനത്തിനായി 3 ആഴ്ചത്തെ സമയമാണ് താരത്തിന്റെ ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണ നല്‍കിയിരിക്കുന്നത്. 16 കാരനായ താരം ക്രൊയേഷ്യക്കെതിരായ മത്സരത്തോടെയാണ് യൂറോ കപ്പില്‍ അരങ്ങേറിയത്. മത്സരത്തില്‍ ഡാനി കാര്‍വജാളിന് നല്‍കിയ അസിസ്റ്റോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അസിസ്റ്റെന്ന നേട്ടം യമാല്‍ സ്വന്തമാക്കിയിരുന്നു.


ഈ വര്‍ഷത്തെ യൂറോ കപ്പില്‍ ഗോളടിക്കാനായാല്‍ യൂറോ കപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും യമാലിന്റെ പേരിലാകും. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമി സംഭാവന ചെയ്ത താരമായ യാമാലിനെ 16 വയസ്സായിരുന്ന മെസ്സിയിലും കഴിവുള്ള താരമായാണ് പല പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും വിലയിരുത്തുന്നത്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടിയപ്പോള്‍ പത്തിലെ കണക്ക് പരീക്ഷയാണോ റയലിനെതിരെ ഗോളടിക്കുന്നതാണോ ബുദ്ധിമുട്ടെന്ന ചോദ്യം താരം നേരിട്ടിരുന്നു. റയലിനെതിരെ ഗോളടിക്കുന്നതാണ് പ്രയാസമെന്ന മറുപടിയാണ് അന്ന് താരം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :