രേണുക വേണു|
Last Modified ചൊവ്വ, 28 ഡിസംബര്‍ 2021 (20:39 IST)
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടുത്തോളം
2021 ഏറെ തിരിച്ചടികളുടെ കാലമായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതും ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടുത്തോളം വലിയ തിരിച്ചടികളായിരുന്നു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതാണ് പോയ വര്‍ഷം ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിച്ചത്. ഐതിഹാസിക പരമ്പര നേട്ടമായിരുന്നു അത്. ഇക്കാലയളവില്‍ ഇന്ത്യയെ നിരാശപ്പെടുത്തിയ നാല് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
1. അജിങ്ക്യ രഹാനെ
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ അജിങ്ക്യ രഹാനെയ്ക്ക് 2021 തിരിച്ചടികളുടെ കാലമായിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് ടെസ്റ്റ് ഉപനായകസ്ഥാനം വരെ രഹാനെയ്ക്ക് നഷ്ടമായി. 2021 ല്‍ 13 കളികളില്‍ നിന്ന് 459 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. ബാറ്റിങ് ശരാശരി 20.86 മാത്രമാണ്. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മോശം ഫോമിനെ തുടര്‍ന്ന് പ്ലേയിങ് ഇലവനില്‍ പോലും ഇക്കാലയളവില്‍ രഹാനെയ്ക്ക് സ്ഥാനം നഷ്ടമായി.
2. വിരാട് കോലി
റണ്‍മെഷീന്‍ വിരാട് കോലിയും 2021 ല്‍ ഇന്ത്യയെ നിരാശപ്പെടുത്തി. കോലിയുടെ കരിയറില്‍ ഒരു സെഞ്ചുറി പോലുമില്ലാത്ത മറ്റൊരു വര്‍ഷം. ഏകദിനത്തില്‍ മൂന്ന് കളികളില്‍ നിന്ന് 129 റണ്‍സും ട്വന്റി 20 യില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 299 റണ്‍സുമാണ് ഇക്കാലയളവില്‍ കോലി നേടിയത്. കോലി ആസ്വദിച്ചു കളിച്ചിരുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ 18 ഇന്നിങ്‌സുകളില്‍ നിന്ന് 28.77 ശരാശരിയില്‍ 518 റണ്‍സ് മാത്രമാണ് റണ്‍മെഷീന് നേടാന്‍ സാധിച്ചത്.
3. ചേതേശ്വര്‍ പൂജാര
ചേതേശ്വര്‍ പൂജാരയും 2021 ല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടി. 25 ഇന്നിങ്‌സുകളില്‍ നിന്ന് 28.58 ശരാശരിയില്‍ 686 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്.
4. ഹാര്‍ദിക് പാണ്ഡ്യ
നിരന്തരമായ പരുക്കുകള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ വില്ലനായ വര്‍ഷമാണ് 2021. ട്വന്റി 20 യില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 27.50 ശരാശരിയില്‍ 165 റണ്‍സ് മാത്രമാണ് പാണ്ഡ്യയുടെ സമ്പാദ്യം. 11 കളികളില്‍ 23 ഓവര്‍ എറിഞ്ഞ പാണ്ഡ്യ നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. ഏകദിനത്തില്‍ ആറ് കളികളില്‍ 23 ഓവര്‍ എറിഞ്ഞ പാണ്ഡ്യ വീഴ്ത്തിയത് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ്. ഏകദിനത്തില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയത്. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ ഇടം പിടിക്കാന്‍ പോലും പാണ്ഡ്യയ്ക്ക് പലപ്പോഴും കഴിയുന്നില്ല.