ശപിക്കപ്പെട്ടവനെന്ന് ജ്യോതിഷികള്‍ മുദ്രകുത്തിയതിനെ തുടര്‍ന്ന് സ്വന്തം പിതാവിനാല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെടുന്ന രുദ്രന് ഒരു അഘോരി സന്യാസിയായി വളരുന്നതും വളരെക്കാലം കഴിഞ്ഞ് പിതാവിന്റെ തന്നെ അഭ്യര്‍ത്ഥനയാല്‍ ജന്മദേശമായ മലൈക്കോവിലിലേക്ക് മടങ്ങിവ രുന്നതുമാണ് സിനിമയുടെ പ്രമേയം.
എന്നാല്‍ ചുറ്റും നടക്കുന്ന ഒന്നിലും രുദ്രന് താല്പര്യമില്ല. സദാസമയവും ‘അഹം ബ്രഹ്മാസ്മി’യെന്ന് ഉരുവിട്ട് കഞ്ചാവും പുകച്ച് നടക്കുകയാണ് ഈ അഘോര സന്യാസി. അമ്മയുടെ കരച്ചിലും സങ്കടം പറച്ചിലും സഹിക്കവയ്യാതെ അടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് താമസം മാറ്റുകയാണ് രുദ്രന്.
കുട്ടികളെ വികലാംഗരാക്കി ഭിക്ഷാടനത്തിന് അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയയ്ക്കുന്ന ഭിക്ഷാടന മാഫിയയുടെ കേന്ദ്രമാണ് മലൈക്കോവിലും പരിസര പ്രദേശങ്ങളും. ഭിക്ഷാടന മാഫിയയുടെ തലവന്‍ താണ്ടവന്‍(രാജേന്ദ്രന്) എന്നയാളാണ്. ഇയാളും സഹായിയും കൂടി ഭിക്ഷക്കാരെ പീഡിപ്പിക്കുന്ന ‘ഡോക്യുമെന്ററി’ക്കാഴ്ചകളാല് സമൃദ്ധമാണ് സിനിമ.
ഹംസവല്ലി(പൂജ) എന്ന പെണ്‍കുട്ടിയെ താണ്ടവന്‍ വരുതിയിലാക്കി വിരൂപിയായ ഒരാള്‍ക്ക് വില്ക്കാന് ശ്രമിക്കുന്നതോടെ, ‘നാന് കടവുള്‍’ നാം കണ്ട് മടുത്ത ‘വില്ലന്‍ - നായകന്’ സങ്കല്പത്തിലേക്ക് കൂടുമാറുന്നു. താണ്ടവന്റെ പക്കല്‍ നിന്ന് ഹംസവല്ലിയെ വികലാംഗരായ ഭിക്ഷക്കാര് രക്ഷപ്പെടുത്തുന്നു. കൊടും പീഡനങ്ങള്‍ ഏറ്റ ശേഷം അവള് എത്തുന്നത് രുദ്രന്റെ അരികിലാണ്.