‘ആമേന്‍ ഉജ്ജ്വലം, ഇതാണ് സിനിമ’ - യാത്രി ജെസെന്‍ എഴുതുന്നു
PRO
പസോളിനി സിനിമകളുടെ ആവിഷ്കാര മികവാണ് ആമേനില്‍ ലിജോ ജോയ് പെല്ലിശ്ശേരി ആവര്‍ത്തിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പഴയ സിനിമകളുണ്ടല്ലോ. നല്ല ഗ്രാമീണച്ചന്തമുള്ള സിനിമകള്‍. പൊന്‍മുട്ടയിടുന്ന താറാവു പോലെയുള്ളവ. ആ സിനിമകളിലെ നിഷ്കളങ്ക ഗ്രാമത്തെ ആമേനില്‍ വീണ്ടും കാണാം. അതിന്‍റെ ഏറ്റവും തെളിഞ്ഞ അവസ്ഥയില്‍. അതിന്‍റെ എല്ലാവിധ നര്‍മ്മ ഭാവങ്ങളോടെയും.
തെങ്ങിന്‍മുകളിലിരിക്കുന്നവന്‍ എല്ലാം കാണുന്നു എന്നത് മുമ്പ് അന്തിക്കാടന്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന കാഴ്ചയാണ്. പക്ഷേ ആമേനില്‍ അത് എല്ലാം കാണുന്ന പുണ്യാളന്‍റെ പ്രതിരൂപമാണ്. ചുക്കുകാപ്പിയിടുന്ന മാലാഖമാരെപ്പറ്റി കേട്ടിട്ടുണ്ടോ? കുമരംകരിയില്‍ വന്നാല്‍ അതും കാണാം. എല്ലാവരെയും കൂട്ടിത്തല്ലിക്കുന്ന ‘വിഷക്കോല്‍’ എത്ര നിഷ്കളങ്കനായ ദുഷ്ടന്‍! ശക്തമായ പള്ളിക്കെട്ടിടത്തില്‍ ദുര്‍ബലത ആരോപിക്കുന്നത് ഒരു ഗ്രാമത്തില്‍ നടക്കാവുന്ന പരമാവധി വലിയ അഴിമതിയും.
ചെറിയ കാര്യങ്ങള്‍ വലിയ കാര്യങ്ങളായി കാണുന്ന, അവിശ്വസിക്കേണ്ടതിനെ വിശ്വസിക്കേണ്ടിവരുന്ന മാജിക്കല്‍ റിയലിസം നമ്മെ വിസ്മയിപ്പിക്കുമ്പോള്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്‍റെ കൈവിരല്‍ സ്പര്‍ശമേറ്റ മലയാള ചിത്രമായി മാറുന്നു ആമേന്‍. നമുക്കറിയാം, ഈ സംഭവങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണെന്ന്. എന്നാല്‍ ഏറ്റവും റിയലായി അനുഭവപ്പെടുകയും ചെയ്യുന്നു.
ഈ ഭ്രമാത്മകത ചിത്രത്തിലുടനീളം നിലനിര്‍ത്തിയിട്ടുണ്ട്. താന്‍ പരാജയപ്പെടുമെന്ന് ഫാദര്‍ ഒറ്റപ്ലാക്കന്‍ തീര്‍ച്ചപ്പെടുത്തുന്ന ഒരു ഘട്ടത്തില്‍ പള്ളിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഒരു മരക്കഷ്ണം പ്രേക്ഷകര്‍ക്ക് അമ്പരപ്പും ഒറ്റപ്ലാക്കന് ആഹ്ലാദവുമുണ്ടാക്കുന്നു. ‘നിന്‍റെ പിള്ളേരുടെ അച്ഛനായാല്‍ മതി’ എന്ന് സോളമന്‍ ശോശന്നയോട് വ്യക്തമാക്കുന്ന നിമിഷം പാലത്തിനടിയിലൂടെ അവരിരുവരും വള്ളത്തില്‍ വരുന്ന കാഴ്ചയെ ‘ക്ലാസിക്’ എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ഒളിച്ചോടുന്ന സോളമനും ശോശന്നയും പിടിക്കപ്പെട്ടതിന് ശേഷം സോളമനെ അടിച്ചോടിക്കുന്ന രംഗത്തിന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തോട് സാമ്യം! ക്ലൈമാക്സിനോടടുക്കുമ്പോള്‍ സംഭവിക്കുന്ന അസ്വാഭാവികതകളും ഉജ്ജ്വലമായ ഒരു പര്യവസാനത്തിലേക്കുള്ള യാത്രയിലെ അപ്രതീക്ഷിത ദൃശ്യവിരുന്നായി മാറുന്നു.