ഫഹദ് ഫാസിലിന്‍റെ ആദ്യചിത്രമായ കയ്യെത്തും ദൂരത്തില്‍ ഒരു ചെറിയ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. പിന്നീട് പ്രമാണി എന്ന മമ്മൂട്ടിച്ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ ഫഹദും അവതരിപ്പിച്ചു. ഫഹദ് ഫാസിലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ലാല്‍ ജോസ് ചിത്രമായ ‘ഇമ്മാനുവല്‍’ ആണ് ഫഹദിനും സ്ക്രീന്‍ സ്പേസ് പങ്കിട്ടുനല്‍കുന്നത്.
ഈ സിനിമയില്‍ മമ്മൂട്ടിയുടെ വില്ലനായാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നൊരു വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം വ്യക്തമായിരിക്കുന്നു. ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ വില്ലനല്ല ഫഹദ് ഫാസില്‍.
ജോലി നഷ്ടപ്പെട്ടതിന് ശേഷം ഒരു തൊഴില്‍ അന്വേഷിച്ചുനടക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഫഹദ് ആകട്ടെ ഒരു കമ്പനി എക്സിക്യൂട്ടീവിന്‍റെ വേഷത്തില്‍ എത്തുന്നു. ഫഹദിന്‍റേത് നെഗറ്റീവ് കഥാപാത്രമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഇമ്മാനുവലില്‍ പുതുമുഖം റീനു മാത്യു ആണ് നായിക. സലിംകുമാര്‍, നെടുമുടി വേണു, മുകേഷ്, പി ബാലചന്ദ്രന്‍, അപര്‍ണ നായര്‍ തുടങ്ങിയവരും ഇമ്മാനുവലില്‍ സുപ്രധാന കഥാപാത്രങ്ങളായി വരുന്നു.
ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുകയാണ് ലാല്‍ ജോസ്. ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ മികച്ച വിജയങ്ങള്‍ക്ക് ശേഷം മറ്റൊരു നല്ല ചിത്രം ഒരുക്കാനാണ് ഇമ്മാനുവലിലൂടെ ലാല്‍ ജോസ് ശ്രമിക്കുന്നത്.