റോക്ക് ’ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന രഞ്ജിത് സിനിമയാണ് സ്പിരിറ്റ്. രഞ്ജിത് പതിവ് വഴികള്‍ ഉപേക്ഷിച്ചതിന് ശേഷമുണ്ടായ രണ്ടു സിനിമകളും(ചന്ദ്രോത്സവം, റോക്ക് ’ന്‍ റോള്‍) ശരാശരിക്ക് മുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍ പ്രാഞ്ചിയേട്ടന്‍, തിരക്കഥ, പാലേരിമാണിക്യം പോലുള്ള നല്ല സിനിമകള്‍ രഞ്ജിത് നല്‍കുകയും ചെയ്തു, മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ചേരുമ്പോള്‍ അതുകൊണ്ടുതന്നെ ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. മറ്റൊരു ചന്ദ്രോത്സവമായി മാറുമോ എന്ന്.
എന്നാല്‍, സംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നു. ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്‍റുള്ള ചിത്രമാണിത്. രസകരമായ അവതരണം.
രണ്ടാം പകുതിയുടെ ആദ്യത്തെ അരമണിക്കൂര്‍ നേരം ചില പ്രശ്നങ്ങളൊക്കെയുണ്ട്. താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തിന്‍റെ ഏറ്റവും കാതലായ ഭാഗം പറയുന്നതില്‍ രഞ്ജിത് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതുകൊണ്ട് ആ ഭാഗം മദ്യത്തിനെതിരെയുള്ള ഒരു ഡോക്യുമെന്‍ററി പോലെയായി. ഒരു ‘ഉപദേശ എപ്പിസോഡ്’. അതിന് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഒടുവില്‍ നല്ല രീതിയില്‍ അവസാനിച്ചു. ഈ സിനിമയ്ക്ക് ഒരു ഹാപ്പി എന്‍ഡിംഗ് വേണമെന്ന് രഞ്ജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുതോന്നുമെന്ന് മാത്രം.