അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ത്രില്ലറാണ് മോഹന്‍ലാല്‍ നായകനായ ഗ്രാന്‍റ്‌മാസ്റ്റര്‍. മോഹന്‍ലാലിന്‍റെ സൂപ്പര്‍ പെര്‍ഫോമന്‍സുകൊണ്ടും ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനമികവുകൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. മികച്ച ഇനിഷ്യല്‍ കളക്ഷനും ഈ സിനിമയ്ക്കുണ്ടായിരുന്നു. എന്നാല്‍ റിലീസായി നാലുവാരം പിന്നിടുമ്പോള്‍ ഗ്രാന്‍റ്മാസ്റ്റര്‍ തിയേറ്ററുകളില്‍ കിതയ്ക്കുകയാണ്.
സസ്പെന്‍സ് ത്രില്ലറുകള്‍ക്ക് സംഭവിക്കുന്ന പതിവ് വീഴ്ച ബോക്സോഫീസില്‍ ഗ്രാന്‍റ്‌മാസ്റ്ററിനും സംഭവിക്കുന്നു. ലോംഗ് റണ്‍ ഉറപ്പിക്കാനാവാതെ ചിത്രം തിയേറ്ററുകളില്‍ നിന്ന് ഒഴിവാകുകയാണ്. 62 സെന്‍ററുകളില്‍ റിലീസ് ചെയ്ത ഗ്രാന്‍റ്മാസ്റ്റര്‍ നാലുവാരം പിന്നിടുമ്പോള്‍ 41 തിയേറ്ററുകളില്‍ നിന്ന് മാറ്റിക്കഴിഞ്ഞു.
ഇപ്പോള്‍ 18 കേന്ദ്രങ്ങളിലും കുറച്ച് മള്‍ട്ടിപ്ലക്സുകളിലും മാത്രമാണ് ഗ്രാന്‍റ്മാസ്റ്റര്‍ കളിക്കുന്നത്. പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചു. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതാണ് ഗ്രാന്‍റ്‌മാസ്റ്റര്‍ക്ക് വിനയാകുന്നത്.
തുടര്‍ച്ചയായി കാണിക്കുന്ന കൊലപാതക ദൃശ്യങ്ങളും മറ്റും സ്ത്രീകളെയും കുട്ടികളെയും തിയേറ്ററുകളില്‍ നിന്ന് അകറ്റുകയായിരുന്നു. സമീപകാലത്ത് തിയേറ്ററുകളിലെത്തിയതില്‍ ഏറ്റവും മികച്ച സിനിമയ്ക്ക് സംഭവിച്ച ഈ ദുര്യോഗം സിനിമാ പണ്ഡിതരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.
കൊലപാതകങ്ങളും രക്തക്കളിയുമൊന്നും മലയാളികളെ ആകര്‍ഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഗ്രാന്‍റ്മാസ്റ്ററിനുണ്ടായ തിരിച്ചടിയിലൂടെ പ്രേക്ഷകര്‍ സിനിമാക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ആദ്യഷോയോടെ സസ്പെന്‍സ് വെളിപ്പെടുനത് ഇത്തരം സിനിമകള്‍ക്കുണ്ടാകുന്ന മറ്റൊരു കുഴപ്പമാണ്. മലയാളത്തിലെ വലിയ ഹിറ്റുകളായ സി ബി ഐ സീരീസിനെപ്പോലും സസ്പെന്‍സ് വെളിപ്പെടുന്നത് ദോഷകരമായി ബാധിച്ച ചരിത്രമാണുള്ളത്.