ഇതൊരു പ്രണയചിത്രമാണ്. ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറി. ചാര്‍ളി(ദിലീപ്) ആണ് നായക കഥാപാത്രം. സ്പാനിഷ് സുന്ദരി കമീല(ഡാനിയേല സാഷേള്‍) നായികയും. ഇവര്‍ക്കിടയില്‍ ഒരാള്‍ കൂടിയുണ്ട് - രാഹുല്‍(കുഞ്ചാക്കോ ബോബന്‍). ഇവരുടെ കഥയാണ് ‘സ്പാനിഷ് മസാല’.
സിനിമ തുടങ്ങി ഒരു പത്തുമിനിറ്റിന് ശേഷം ഒരു കത്തിക്കയറലാണ്. പിന്നീട് ചിരി നിര്‍ത്തിയത് ഇന്‍റര്‍വെല്ലിനാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിപ്പിച്ച ഒരു സിനിമയില്ല. ദിലീപ് നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ദിലീപിനെ വെല്ലുന്ന ഒരു താരം ഈ സിനിമയിലൂടെ ഉദിച്ചിരിക്കുന്നു!
അതൊരു സര്‍പ്രൈസാണ്....ഗസ് ചെയ്യാമോ? ഇല്ല, അല്ലെങ്കില്‍ പറഞ്ഞേക്കാം. നെല്‍സണ്‍! ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ കണ്ടിട്ടുണ്ട് ഈ കക്ഷിയെ. സിനിമയിലെത്താന്‍ ഇത്ര വൈകിയതെന്താണാവോ? ഉറപ്പിച്ചു പറയാം, സുരാജ് വെഞ്ഞാറമ്മൂടിന് നെല്‍സണ്‍ ഒന്നാന്തരം എതിരാളിയായി മാറും.
പാപ്പന്‍ എന്ന കഥാപാത്രമായി നെല്‍സണ്‍ തകര്‍ത്തുവാരിയ ആദ്യ പകുതിയുടെ ആലസ്യത്തിലാണ് രണ്ടാം പകുതിയിലേക്ക് കടക്കുന്നത്. അവിടെ സംഗതി അല്‍പ്പം സീരിയസാണ്. എങ്കിലും ബോറടിപ്പിക്കുന്നില്ല. പെട്ടെന്ന് അവസാനിച്ചു എന്ന് തോന്നിപ്പിക്കുന്ന ക്ലൈമാക്സും. എങ്കിലും പ്രേക്ഷകര്‍ സന്തുഷ്ടരാണ്. സിനിമ അവസാനിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു.