ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
അഭിനയപ്രാധാന്യമുള്ള ഒരു വേഷം മമ്മൂട്ടിക്ക് ലഭിച്ചിട്ട് കാലമെത്രയായി? ഒന്നുമില്ലെങ്കിലും സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമയിലെങ്കിലും അത് സാധ്യമാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍റെ പ്രതിഭയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല. പേടിത്തൊണ്ടനായ ഒരു മനുഷ്യന്‍റെ മുഖമാണ് ആദ്യം മുതല്‍ അവസാനം വരെ. മമ്മൂട്ടി ആര്‍ജ്ജവത്തോടെ ഒന്നു ചിരിക്കുന്ന, ഒന്നുച്ചത്തില്‍ സംസാരിക്കുന്ന, ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന ഒരു രംഗമെങ്കിലും ഈ സിനിമയില്‍ ചൂണ്ടിക്കാണിക്കാനാവില്ല. തന്‍റെ രോഗം തിരിച്ചറിഞ്ഞപ്പോഴെങ്കിലും ഗോപീകൃഷ്ണന്‍റെ മുഖത്ത് ഒരു തന്‍റേടം വരേണ്ടതായിരുന്നു. കഥാപാത്രം ആത്മവിശ്വാസത്തോടെ എതിരാളികളെ നേരിട്ടപ്പോഴും ആ പേടിത്തൊണ്ടന്‍റെ മുഖഭാവം അങ്ങനെതന്നെ നിന്നു.
നായികാകഥാപാത്രമായ അനിത(മംമ്ത)യ്ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. ഡാം ക്യാമ്പ് ഓഫീസറാണ് അനിത. ഗോപീകൃഷ്ണന് മനസില്‍ അനിതയോട് പ്രണയമാണ്. അത് അയാള്‍ തുറന്ന് പറയുന്നില്ല. അവളും അയാളെ ഒരു പേടിത്തൊണ്ടനായാണ് മനസിലാക്കിയിരിക്കുന്നത്. അല്ലെങ്കില്‍, ഉന്നതര്‍ക്കെതിരെ പ്രതികരിക്കാന്‍ അയാള്‍ക്ക് കഴിയില്ല എന്ന് അവള്‍ വിശ്വസിക്കുന്നു. ഒരു ഘട്ടത്തില്‍ അവളെയും സംവിധായകന്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. എന്നാല്‍ സസ്പെന്‍സുകള്‍ക്ക് വെറും നീര്‍ക്കുമിളയുടെ ആയുസ് മാത്രമുള്ള ഈ ചിത്രത്തില്‍ അതും ഒരു സില്ലി സസ്പെന്‍സായി മാറുന്നു.
ചീഫ് എഞ്ചിനീയര്‍ ചാക്കോ ആയി അഭിനയിച്ച ബാബുരാജിന്‍റെ പ്രകടനം ശ്രദ്ധേയമാണ്. ബാബുരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രമാണിത് എന്ന് നിസംശയം പറയാം. എല്ലാ കാര്യങ്ങളെയും എല്ലാവരെയും വളരെ സംശയത്തോടെയും ഭയത്തോടെയും വീക്ഷിക്കുന്ന കഥാപാത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താന്‍ ബാബുരാജിന് കഴിഞ്ഞിട്ടുണ്ട്. ബാബുരാജിന്‍റെ ‘ഷോള്‍ഡര്‍ ഡാന്‍സ്’ ഒരു തരംഗമായി മാറിയേക്കാം.
കോശി ഉമ്മന്‍ എന്ന കഥാപാത്രമായി ആസിഫ് അലിയുണ്ട് ജവാന്‍ ഓഫ് വെള്ളിമലയില്‍. കഥാഗതിയില്‍ നിര്‍ണായകമായ കഥാപാത്രം തന്നെയാണിത്. എന്നാല്‍ ഓവര്‍ ആക്ടിംഗിലൂടെ ആസിഫ് പലപ്പോഴും പ്രേക്ഷകരെ പരീക്ഷിക്കുന്നുണ്ട്. വളരെ ദുര്‍ബലമായ ഒരു കഥാപാത്രസൃഷ്ടി കൂടിയാണിത്. ആസിഫിന് തിളങ്ങാനായില്ല. ആസിഫിന്‍റെ നായികയായെത്തുന്ന ലിയോണയും നിരാശപ്പെടുത്തുന്നു. ശ്രീനിവാസന്‍റെ മകളായാണ് ചിത്രത്തില്‍ ലിയോണ വരുന്നത്.
സെക്യൂരിറ്റി ഗാര്‍ഡുകളായി വരുന്ന സാദിക്കും ജോജിയും സിനിമ കഴിഞ്ഞാലും നമ്മള്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ്. പ്രത്യേകിച്ചും സാദിക്ക്. ഗംഭീരമായ മാനറിസങ്ങളും ഭാവപ്രകടനങ്ങളുമായി സാദിക്ക് ഒന്നാന്തരമാക്കി ആ കഥാപാത്രം. ഡാം ഓപ്പറേറ്ററും സിനിമാനടനുമായി കോട്ടയം നസീറിന്‍റെ പ്രകടനവും ചിരിയുണര്‍ത്തുന്നതാണ്. സംവിധായകന്‍ രഞ്ജിത് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. കണ്ണ് ഡോക്ടര്‍ ശിവപ്രസാദായി. കൂടുതല്‍ പറഞ്ഞാല്‍ ആ സസ്പെന്‍സ് പൊളിയും.
ശ്രീനിവാസന്‍ ആണ് സിനിമയിലെ വലിയ ആശ്വാസം. കുറിക്കുകൊള്ളുന്ന ഏതാനും ഡയലോഗുകള്‍ അദ്ദേഹം അവതരിപ്പിക്കുന്ന വര്‍ഗീസ് എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന കഥാപാത്രങ്ങളെ ശ്രീനി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തതയൊന്നുമില്ല ഈ വേഷത്തിന്. പക്ഷേ, തനിക്ക് ലഭിച്ച കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ശ്രീനിക്ക് കഴിഞ്ഞിട്ടുണ്ട്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
അടുത്ത പേജില്‍ - ഇറങ്ങി ഓടാന്‍ പ്രേരിപ്പിക്കുന്ന ഗാനരംഗം!