ചാപ്പാ കുരിശ് - ബോറടിപ്പിക്കുന്ന സിനിമ

WEBDUNIA|
PRO
ഏറെ പ്രതീക്ഷയോടെ മലയാള സിനിമാലോകം കാത്തിരുന്ന ‘ചാപ്പാ കുരിശ്’ തിയേറ്ററുകളിലെത്തി. ചിത്രം നിരാശപ്പെടുത്തി എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍. ട്രാഫിക് പോലെ, സാള്‍ട്ട് ആന്‍റ് പെപ്പര്‍ പോലെ സൂപ്പര്‍ സിനിമ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ പ്രേക്ഷകരെ ചാപ്പാ കുരിശ് ബോറടിപ്പിക്കുന്നു എന്നാണ് വിവരം.

പ്രമേയത്തില്‍ പുതുമയുണ്ട് എന്നതൊഴിച്ചാല്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയൊരുക്കാനോ അത് ആസ്വാദ്യകരമായി അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ആര്‍ ഉണ്ണിയുടെ തിരക്കഥ സമ്പൂര്‍ണ പരാജയമാണ്. ഒരു ചെറിയ കഥയെ വലിച്ചിഴയ്ക്കുകയാണ് സംവിധായകന്‍ സമീര്‍ താഹിര്‍.

അര്‍ജുന്‍(ഫഹദ് ഫാസില്‍), സോണിയ(രമ്യ നമ്പീശന്‍) എന്നിവരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ അടങ്ങിയ മൊബൈല്‍ അന്‍‌സാരി(വിനീത് ശ്രീനിവാസന്‍)ക്ക് ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ കഥ. ഫഹദ് ഫാസിലും വിനീതും തമ്മിലുള്ള ക്യാറ്റ് ആന്‍റ് മൌസ് ഗെയിമാണ് ഈ സിനിമ.

രമ്യാ നമീശന്‍റെ അഭിനയവും പാട്ടുകളും മാത്രമാണ് ഈ സിനിമയുടെ നല്ല വശങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീത്, ഫഹദ് ഫാസില്‍, റോമ എന്നിവര്‍ നിരാശപ്പെടുത്തി. കെട്ടുറപ്പോടെ കഥ പറയാന്‍ സംവിധായകന്‍ സമീര്‍ താഹിറിന് കഴിഞ്ഞില്ല. പശ്ചാത്തല സംഗീതം അരോചകമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം.

ട്രാഫിക് പോലെ ഒരു ഗംഭീര സിനിമ നല്‍കിയ നിര്‍മ്മാതാവിന് പക്ഷേ ചാപ്പാ കുരിശ് കൈ പൊള്ളിക്കുമെന്നാണ് സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :