റിഡ്‌ലി ജോണ്‍സ്|
Last Updated:
ബുധന്‍, 14 ജനുവരി 2015 (13:14 IST)
ഷങ്കറിന്‍റെ ഏറ്റവും വലിയ സിനിമ! അദ്ദേഹം അടുത്ത സിനിമ ചെയ്യുന്നതുവരെ! 'ഐ' കാഴ്ചയുടെ ഉത്സവമാണ്. ഇതുവരെ ഈ ജോണറില്‍ ഒരു സിനിമ ഷങ്കര്‍ ചെയ്തിട്ടില്ല. ഷങ്കറിന്‍റെ കരിയറില്‍ ഈ രീതിയില്‍ ആദ്യത്തെ സിനിമ - ഒരു റൊമാന്‍റിക് ത്രില്ലര്‍. അപ്പോള്‍ പിന്നെ 'കാതലന്‍' ഏത് ജോണറാണ് എന്ന് ചോദ്യം ഉന്നയിച്ചാല്‍, ഐ എന്താണെന്ന് കണ്ടുമനസിലാക്കുക എന്നേ മറുപടിയുള്ളൂ.
നമ്മുടെ 'അപ്പോത്തിക്കിരി' എന്ന സിനിമ പകര്‍ന്നുതരുന്ന ചില സന്ദേശങ്ങള്‍ ഇല്ലേ? എങ്ങനെയായിരിക്കണം ഡോക്ടര്‍മാര്‍, എന്താണ് മെഡിക്കല്‍ പ്രൊഫഷന്‍റെ എത്തിക്സ് എന്നൊക്കെ. അതൊക്കെത്തന്നെ 'ഐ'യും പറയുന്നു. ഒപ്പം കോസ്മെറ്റോളജിയിലേക്ക് ഒരു വെളിച്ചം പകരലും.
'ഐ' ഒരു ഷങ്കര്‍ സിനിമ എന്നതിലുപരി, ഇത് പൂര്‍ണമായും ഒരു വിക്രം ഷോ ആണ്. ചിത്രത്തിന്‍റെ ഓരോ ദൃശ്യത്തിലും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യം. അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചകള്‍, മേക്കപ്പ്, ഭാവപ്രകടനങ്ങള്‍. വിക്രം ഹോളിവുഡ് നിലവാരത്തിലുള്ള ഇന്ത്യന്‍ നടന്‍ എന്ന് എന്തുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്നു എന്ന് ഈ സിനിമ കണ്ടാല്‍ മനസിലാകും.
വിക്രമിന്‍റെ കൂനന്‍ കഥാപാത്രമാണ് ആദ്യം സ്ക്രീനില്‍ എത്തുന്നത്. ലോകനിലവാരത്തിലുള്ള മേക്കപ്പാണ് കഥാപാത്രത്തിന്. കണ്ണിന്‍റെ ചെറുചലനം കൊണ്ടുപോലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ വിക്രം ആ സീക്വന്‍സുകളില്‍ മിന്നിത്തിളങ്ങുകയാണ്.
വിക്രമിന്‍റെ അര്‍പ്പണബോധത്തെ കൈയടിച്ച് അംഗീകരിക്കാന്‍ തക്ക രീതിയിലാണ് ഓരോ രംഗങ്ങളും. ഈ രംഗം ഇത്രയും പെര്‍ഫെക്ട് ആയി അവതരിപ്പിക്കാന്‍ വിക്രമിന് മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനങ്ങള്‍. ലോകത്തെ ഏതൊരു ബോഡി ബില്‍ഡറോടും കിടപിടിക്കുന്ന ബോഡി ഷോ പ്രദര്‍ശനങ്ങള്‍, പരിശീലനങ്ങള്‍.
ഓരോ രംഗത്തും വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഷങ്കര്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. വിക്രമിന്‍റെ റോയല്‍ എന്‍ഫീല്‍ഡ് നായിക എമിയായി മാറുന്നതും ആ ഷൂലെയ്സ് കൂട്ടിക്കെട്ടിയ സീക്വന്‍സും പാട്ടുകളും സ്റ്റണ്ടുകളുമെല്ലാം അത്ഭുതത്തോടെയും ത്രില്ലടിച്ചും മാത്രം ആസ്വദിക്കാം. ആക്ഷന്‍ രംഗങ്ങള്‍, അത് ലൊക്കേഷന്‍ എവിടെയായാലും, ഇന്ത്യയിലെയും ചൈനയിലെയുമെല്ലാം ഒന്നാന്തരം.
ലിംഗേശ്വരന്‍ എന്ന ബോഡി ബില്‍ഡറായി വിക്രം കസറിയിരിക്കുന്ന ഐയില്‍ ദിയ എന്ന മോഡലിന്‍റെ വേഷത്തിലാണ് എമി ജാക്സണ്‍ എത്തുന്നത്. നായകന്‍റെ പ്രണയജീവിതമാണ് ഈ സിനിമയെന്ന് ഒറ്റവാചകത്തില്‍ നിര്‍വചിക്കാം.
എമി ജാക്സന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് സാധ്യമായ സിനിമകൂടിയാണ് ഐ. ആദ്യത്തെ ചില രംഗങ്ങളില്‍ എമിയുടെ ഡബ്ബിംഗ് നമ്മുടെ പുരികം ചുളിക്കുമെങ്കില്‍ പിന്നീട് എമി നമ്മെ അഭൂതപൂര്‍വമായ പ്രകടനം കൊണ്ട് ആഹ്ലാദിപ്പിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ കഥയുടെ ഗ്രിപ്പ് കൈവിടുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളിലൊക്കെ രക്ഷയ്ക്ക് സന്താനം എത്തുന്നുണ്ട് - തന്‍റെ ട്രേഡ്മാര്‍ക്ക് വണ്‍ലൈനറുകളുമായി.
എ ആര്‍ റഹ്‌മാന്‍ ഷങ്കറിന് നല്‍കിയ ഏറ്റവും നല്ല ഗാനങ്ങള്‍ ഈ ചിത്രത്തിലേതാണെന്ന് തോന്നും. മനോഹരമായ ഗാനങ്ങള്‍, അതിഗംഭീരമെന്ന് മാത്രം അഭിപ്രായപ്പെടാവുന്ന വിഷ്വലൈസേഷന്‍.
ഡോക്ടര്‍ വാസുദേവന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരേഷ്ഗോപിയും ഉപന്‍ പട്ടേലിന്‍റെ കഥാപാത്രവുമെല്ലാം ഒന്നിനൊന്ന് മെച്ചം. മൊത്തത്തില്‍ സൂപ്പര്‍ സിനിമ എന്ന് മാത്രമേ പറയാനുള്ളൂ.
റേറ്റിംഗ്: 4.5/5