ജോഷി എം മാത്യൂസ്|
Last Updated:
വെള്ളി, 12 ഡിസംബര്‍ 2014 (17:52 IST)
ബാഷ പോലെ, യന്തിരന്‍ പോലെ, മന്നന്‍ പോലെ - പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഒരു രജനീകാന്ത് സിനിമ പ്രതീക്ഷിച്ചാണ് 'ലിങ്ക' കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നതെങ്കില്‍ അവര്‍ നിരാശപ്പെടും എന്ന് ആദ്യമേ പറയട്ടെ. ഈ സിനിമയില്‍ ആക്രോശിക്കുന്ന നായകനും എന്തിനും തയ്യാറായി എടുത്തുചാടുന്ന നായകനുമൊന്നുമില്ല. അതുകൊണ്ടുതന്നെ പഞ്ച് അത്ര പോര. ഒരു തണുപ്പന്‍ രജനിച്ചിത്രമെന്ന് വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനാവില്ല.
കെ എസ് രവികുമാര്‍ പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ്. രജനികാന്തിനും കമല്‍ഹാസനും ഒരുപോലെ വിശ്വസിച്ച് സംവിധാനം ഏല്‍പ്പിക്കാവുന്ന ആള്‍. രജനിക്ക് മുത്തു, പടയപ്പ തുടങ്ങിയ വമ്പന്‍ ഹിറ്റുകളാണ് രവികുമാര്‍ മുമ്പ് നല്‍കിയത്. എങ്കിലും ഇത്തവണ, സിനിമ പൂര്‍ണമായും മാസ് പടങ്ങളുടെ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കാതെ കുറച്ച് ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് രവികുമാര്‍ ശ്രമിച്ചിരിക്കുന്നത്. കത്തിയില്‍ എ ആര്‍ മുരുഗദോസും വിജയും പറഞ്ഞതുപോലെ സാമൂഹ്യപ്രസക്തിയുള്ള കാര്യമാണ് ഈ സിനിമയും പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കത്തി പോലെ മൂര്‍ച്ചയുള്ള അനുഭവമായി മാറാന്‍ ലിങ്കയ്ക്ക് കഴിഞ്ഞില്ല.
ഒരു നാടനുഭവിക്കുന്ന വരള്‍ച്ച എന്ന ദുരിതം അവസാനിപ്പിക്കാന്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന കഥാപാത്രങ്ങളെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ഇരട്ടവേഷങ്ങളില്‍ രജനി മിന്നിത്തിളങ്ങിയിട്ടുണ്ട്. എന്നാല്‍ പിരിമുറുക്കമുള്ള രംഗങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഒരു വില്ല കഥാപാത്രത്തിന്‍റെ അസാന്നിധ്യം സിനിമയെ ദുര്‍ബലപ്പെടുത്തുന്നു.
മാത്രമല്ല, ഈ സിനിമ എങ്ങനെ അവസാനിപ്പിക്കണം എന്നതില്‍ സംവിധായകന് വലിയ കാഴ്ചപ്പാടൊന്നും ഇല്ലായിരുന്നു എന്ന് ചിത്രം കണ്ടാല്‍ മനസിലാകും. ക്ലൈമാക്സ് ഇടിച്ചുനില്‍ക്കുകയാണ്. ഒരു രജനി സിനിമയുടെ ക്ലൈമാക്സില്‍ പ്രതീക്ഷിക്കുന്ന ഇംപാക്ട് സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. എന്നുതന്നെയല്ല, ആകെയൊരു ആശയക്കുഴപ്പം ക്ലൈമാക്സില്‍ ജനിക്കുകയും ചെയ്യുന്നു.
സാങ്കേതികമായി മികച്ച വര്‍ക്കാണ് ലിങ്ക. ഗംഭീരമായ സെറ്റുകളാണ് സാബു സിറിള്‍ ഒരുക്കിയിരിക്കുന്നത്. രത്‌നവേലുവിന്‍റെ ഛായാഗ്രഹണവും ഒന്നാന്തരം. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ശരാശരിയിലൊതുങ്ങി. ഗാനരംഗങ്ങള്‍ ആവശ്യമില്ലാത്തയിടങ്ങളില്‍ കുത്തിനിറച്ച് പ്രേക്ഷകരെ ബോറടിപ്പിക്കുകയും ചെയ്തു സംവിധായകന്‍.
കോച്ചടിയാന്‍ പോലെ രജനി ആരാധകരെ അത്രയൊന്നും തൃപ്തിപ്പെടുത്താത സിനിമയായി ലിങ്കയും മാറിയിരിക്കുകയാണ്.