കൈയ്യടിച്ചേ മതിയാകൂ, ഇതൊരു മികച്ച സിനിമ! - മനസ് നിറയ്ക്കുന്ന ‘ഉണ്ട‘

അപർണ ഷാ| Last Modified വെള്ളി, 14 ജൂണ്‍ 2019 (14:33 IST)
ഭയം... പേടി ... പേടിയാണ് ‘ഉണ്ട’യിലെ വില്ലൻ!. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഇന്ന് തിയേറ്ററുകളിൽ എത്തിയ എന്ന ചിത്രത്തിന് ഇതിൽ കൂടുതൽ മറ്റൊരു വിശേഷണം ആവശ്യമില്ല. തിരക്കഥാകൃത്ത് ഹർഷാദിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ പലവിധത്തിലുള്ള ഭയത്തേയും പ്രതിസന്ധികളേയും എങ്ങനെ തരണം ചെയ്യാമെന്ന മാർഗമാണ് ഉണ്ട കാണിച്ച് തരുന്നത്.

അനുരാഗ കരിക്കിൻ വെള്ളം മുതൽ ഖാലിദ് റഹ്മാൻ നമുക്ക് കാണിച്ച് തരുന്ന ഒരു വ്യൂ ഉണ്ട്. നായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ മാത്രമല്ല ആ മുന്നേറുന്നത്. സിനിമിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്. അതിനു കൂടി പ്രാധാന്യം നൽകിയാണ് അദ്ദേഹം തന്റെ ആദ്യ സിനിമ ചെയ്തത്.

ആ ഒരു രീതി, ആ ഒരേ ഒരു രീതി ‘ഉണ്ട’യിലുമുണ്ട്. ഓരോ കഥാപാത്രത്തിനും ‘ശക്തമായ മുഖ’മുണ്ട്. ഇടയ്ക്ക് മുഖം കാണിച്ച് വന്നു പോകുന്ന ഓരോരുത്തർക്കുമുണ്ട് അത്. എവിടെ വ്യത്യസ്തമായ മേക്കിംഗ് എവിടെ? എന്ന് ചോദിക്കുന്നവരുടെ മുന്നിലേക്ക് ഖാലിദ് റഹ്മാനും സംഘവും അഭിമാന പുരസ്കരം സമർപ്പിക്കുകയാണ് ഈ ഉണ്ട.

മണ്ണിനുവേണ്ടി പോരാടി വീരമൃത്യുവരിച്ചവർക്കിടയിൽ നാം വിസ്മരിച്ചുകളയുന്ന മണ്ണ് നഷ്ടപ്പെട്ടവരുടെ ദുഃഖവും അവരുടെ വേദനയും നമുക്ക് കാണിച്ച് തരുന്ന ഉണ്ട. ഉത്തരേന്ത്യൻ നക്സൽ പ്രദേശത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മണി സാറും സംഘവും ആദ്യ രണ്ട് ദിവസം അനുഭവിക്കുന്ന ടെൻഷനും സന്ദർഭോചിതമായ കോമഡികളുമാണ് ആദ്യ പകുതിയിൽ ഉള്ളത്.

തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയുമുണ്ട് ദിവസങ്ങൾ. ഒരു കാരണവശാലും അതിനു അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്നിടത്താണ് കേരളസംഘം എത്തുന്നത്. പതിയിരിക്കുന്ന അപകടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന തിരിച്ചറിവിൽ തന്നെയാണ് ഇവരുടെ ഓരോ ചുവടും.

പേരൻപിലെ അമുദവന് ശേഷം പച്ചയായ മനുഷ്യനെ മമ്മൂക്കയിലൂടെ കാണിച്ചിരിക്കുകയാണ്. ആ ഒൻപതംഗ സംഘത്തിന്റെ തലവനാണെന്നത് മാത്രമേ മറ്റുള്ളവരിൽ നിന്നും മണിയെ വ്യത്യസ്തനാക്കുന്നുള്ളു. അവരെ പോലെ തന്നെ, ഭയവും ഉത്കണ്ഠ്‌യും ആവോളമുള്ള ഒരു സാദാ പൊലീസുകാരൻ തന്നെയാണ് മമ്മൂട്ടിയുടെ മണിയെന്ന കഥാപാത്രം.

ഇടിവെട്ട് ഡയലോഗില്ലാത്ത, സ്ലോ മോഷൻ ‘ഷോ ഓഫ്’ ഇല്ലാത്ത മമ്മൂട്ടി ചിത്രം. ടീം ക്യാപ്റ്റൻ ആയത് കൊണ്ട് മാത്രം വേണമെങ്കിൽ മമ്മൂട്ടിയെ നായകനെന്ന് വിളിക്കാം. അല്ലാത്തപക്ഷം സ്ക്രീനിൽ കാണിച്ച മുഴുവൻ ആളുകളും നിറഞ്ഞാടിയ റിയൽ സിനിമയാണ് ഉണ്ട. മെഗാസ്റ്റാർ എന്ന തലക്കനം തീരെയില്ലാതെ, മറ്റ് 8 പേരെ പോലെ തന്നെ ഒരു ഒൻപതാമൻ, അതാണ് മമ്മൂട്ടിയുടെ മണി സർ.

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ മുതൽ ഒരു സീനിം മാത്രം വന്ന് പോകുന്നവർക്ക് വരെ ‘ശക്തമായ ശബ്ദം’ ഉണ്ട് സിനിമയിൽ. റിയൽ ലൈഫിൽ നമുക്കൊക്കെ റിലേറ്റ് ചെയ്യാനാകുന്ന കഥാപാത്രമാണ് ഓരോ പൊലീസുകാരനും. ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് നൽകിയാണ് ആദ്യ പകുതി അവസാനിച്ചിരിക്കുന്നത്. പ്രകടനത്തിൽ ഓരോരുത്തരും മത്സരം തന്നെ.

ആദ്യം ഭയമാണ് കാണിക്കുന്നത്. അവരനുഭവിക്കുന്ന ഭയം അതേ ആഴത്തിൽ പ്രേക്ഷകനും അനുഭവിപ്പിക്കുന്നതിൽ നൂറ് ശതമാനം പടം വിജയിക്കുന്നുണ്ട്. ഭയം പിന്നീട് പ്രതീക്ഷയായി മാറും, എന്നാൽ പ്രതീ‍ക്ഷകളെല്ലാം ആസ്ഥാനത്തായിരുന്നു എന്ന് അറിയുമ്പോഴുണ്ടാകുന്ന ഒരു നിസഹായവസ്ഥ ഉണ്ടല്ലോ... അത് അനുഭവിക്കുന്നവർക്ക് മാത്രമല്ല, കാണുന്നവർക്കും ഫീൽ ചെയ്യും. അടുത്തത് പോരാട്ടമാണ്. വിജയമെന്ന ലക്ഷ്യത്തിലെത്താനുള്ള പോരാട്ടം.

ഭയത്തിന്റെ, ജാതീയതയുടെ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ, അവഗണനയുടെ, വെറുപ്പിന്റെയെല്ലാം രാഷ്ട്രീയം വളരെ വ്യക്തമായി തന്നെ ഖാലിദ് റഹ്മാൻ വരച്ചു കാണിക്കുന്നുണ്ട്.

ഖാലിദ് റഹ്മാന്റെ കിടിലൻ മേക്കിംഗ് തന്നെയാണ് മറ്റൊരു പ്ലസ് പോയിന്റ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കിടിലൻ ബി ജി എം. ഭയമെന്തെന്ന് നമ്മളിലേക്ക് പടർന്നു കയറുന്നതിനു ഈ ബിജി‌എം ഒരു വലിയ കാരണമാകുന്നുണ്ട്. പടത്തിന്റെ ആത്മാവ് തന്നെ ബി ജി എം ആണ്. പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും മികച്ചതായിരുന്നു.

(റേറ്റിംഗ്: 4/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :