എസ് ഹർഷ|
Last Updated:
വെള്ളി, 14 ജൂണ്‍ 2019 (15:36 IST)
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. കണ്ടവർ ഒന്നടങ്കം പറയുന്നു, അതിഗംഭീരം.
ചിത്രത്തിലെ വില്ലൻ ഭയമാണെന്ന് തിരക്കഥാകൃത്ത് ഇന്ന് പറഞ്ഞതേ ഉള്ളു. അക്ഷരം പ്രതി അത് സത്യമാണ്. ഉത്തരേന്ത്യൻ നക്സൽ പ്രദേശത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മണി സാറും സംഘവും ആദ്യ രണ്ട് ദിവസം അനുഭവിക്കുന്ന ടെൻഷനും സന്ദർഭോചിതമായ കോമഡികളുമാണ് ആദ്യ പകുതിയിൽ ഉള്ളത്.
തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയുമുണ്ട് ദിവസങ്ങൾ. ഒരു കാരണവശാലും അതിനു അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്നിടത്താണ് കേരളസംഘം എത്തുന്നത്. പതിയിരിക്കുന്ന അപകടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന തിരിച്ചറിവിൽ തന്നെയാണ് ഇവരുടെ ഓരോ ചുവടും. കിടിലൻ സർപ്രൈസിലാണ് ആദ്യ പകുതി അവസാനിക്കുന്നത്.
മമ്മൂട്ടി കാക്കിയണിയുമ്പോഴെല്ലാം വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അതിലുണ്ടാകാറുണ്ട്. അത് ഇവിടെയും തെറ്റിച്ചിട്ടില്ല. എന്നാൽ, പതിവിനു വിപരീതമായി ഇടിവെട്ട് ഡയലോഗ് ഇല്ലാത്ത നല്ല നൈസ് പൊലീസ് ഓഫീസറാണ് നമ്മുടെ മണി സർ. കൂട്ടിനു അദ്ദേഹത്തിന്റെ സംഘവും.
റിയൽ ലൈഫിൽ നമുക്കൊക്കെ റിലേറ്റ് ചെയ്യാനാകുന്ന കഥാപാത്രമാണ് ഓരോ പൊലീസുകാരനും. ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് നൽകിയാണ് ആദ്യ പകുതി അവസാനിച്ചിരിക്കുന്നത്. പ്രകടനത്തിൽ ഓരോരുത്തരും മത്സരം തന്നെ.
ഖാലിദ് റഹ്മാന്റെ കിടിലൻ മേക്കിംഗ് തന്നെയാണ് മറ്റൊരു പ്ലസ് പോയിന്റ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കിടിലൻ ബി ജി എം. ഭയമെന്തെന്ന് നമ്മളിലേക്ക് പടർന്നു കയറുന്നതിനു ഈ ബിജിഎം ഒരു വലിയ കാരണമാകുന്നുണ്ട്.