'ചിരിക്കാത്ത' നിമിഷ സജയനും ഇരിക്കപ്പൊറുതിയില്ലാത്ത മലയാളിയും

രേണുക വേണു| Last Updated: തിങ്കള്‍, 19 ജൂലൈ 2021 (21:45 IST)
ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നിമിഷയെ തേടിയെത്തിയത്. തനിക്ക് ലഭിച്ച കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ നിമിഷ പരമാവധി ശ്രമിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളും തഴക്കം വന്ന അഭിനേത്രിയെ പോലെ നിമിഷ കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു നല്ല അഭിനേത്രിയാണെന്ന് നിമിഷ തെളിയിച്ചിരിക്കെ തന്നെ അവര്‍ക്കെതിരായ ബാലിശമായ ചില വിമര്‍ശനങ്ങളും പരിഹാസങ്ങളും അതിരുകടക്കുന്നുണ്ട്. നിമിഷ എല്ലാ കഥാപാത്രങ്ങളെയും ഒരേ തരത്തില്‍ അവതരിപ്പിക്കുന്നു, നിമിഷയുടെ ചിരിക്കാത്ത മുഖം സ്‌ക്രീനില്‍ അലോസരപ്പെടുത്തുന്നു, മുഖം കയറ്റി പിടിച്ചു അഭിനയിക്കാന്‍ മാത്രമേ നിമിഷയ്ക്ക് അറിയൂ...,തുടങ്ങി കാമ്പില്ലാത്ത പരിഹാസങ്ങളും വിമര്‍ശനങ്ങളും നീണ്ടുകിടക്കുകയാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ തന്നില്‍ ഏല്‍പ്പിക്കപ്പെടുന്ന കഥാപാത്രങ്ങളെ സംവിധായകന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഫലിപ്പിക്കുകയെന്ന കടമ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുകയാണ് ഒരു അഭിനേത്രിയുടെ/അഭിനേതാവിന്റെ കടമ. ആ കടമ ഏറ്റവും നീതിപൂര്‍വ്വം നിര്‍വഹിക്കാന്‍ നിമിഷയ്ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മലയാളി ആഘോഷിക്കുന്ന സംവിധായകരുടെ പ്രധാന ചോയ്‌സ് ആയി നിമിഷ വീണ്ടും എത്തുന്നത്.

2017 ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം. ശ്രീജയെന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. പ്രസാദ് (സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം) ശ്രീജയെ പ്രണയിക്കുന്ന രംഗങ്ങള്‍ ഒരൊറ്റ പാട്ടിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 'കണ്ണിലെ പൊയ്കയില്‍..' എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ശ്രീജയും പ്രസാദും കണ്ണുകള്‍ കൊണ്ടാണ് സംസാരിക്കുന്നത്. ഈ ഗാനരംഗത്ത് നിറഞ്ഞുചിരിക്കുന്ന നിമിഷയെ കാണാം. പ്രസാദിനെ ഏറുനോട്ടത്താല്‍ വീഴ്ത്തുന്ന ശ്രീജയുടെ ചിരി കാണാം. ഇരുവരുടെയും പ്രണയം ശ്രീജയുടെ വീട്ടില്‍ അറിയുകയും ശ്രീജയെയും കൊണ്ട് പ്രസാദ് മറ്റൊരു നാട്ടിലേക്ക് പോകുകയും ചെയ്യുന്നിടത്തുനിന്നാണ് പിന്നീട് സിനിമ അതിന്റെ യഥാര്‍ഥ കഥയിലേക്ക് ട്രാക്ക് മാറ്റുന്നത്. കള്ളന്‍ പ്രസാദ് ശ്രീജയുടെ സ്വര്‍ണമാല മോഷ്ടിക്കുന്നു. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് നിമിഷയുടെ കഥാപാത്രം കൂടുതല്‍ ഗൗരവ സ്വഭാവത്തിലേക്ക് ട്രാക്ക് മാറ്റുന്നുണ്ട്. അതിനെ വളരെ കൈയടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ നിമിഷയ്ക്ക് സാധിക്കുന്നു.

ഇന്‍സെക്യൂരിറ്റിയ്ക്കും അരക്ഷിതാവസ്ഥയും ഇടയിലുള്ള പ്രണയമായിരുന്നു ഈടയിലെ ആനന്ദിന്റെയും ഐശ്വര്യയുടെയും. അവിടെയും ഐശ്വര്യയായി നിമിഷ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു കുപ്രസിദ്ധ പയ്യനിലെ അഡ്വ.ഹന്ന എലിസബത്തിനെ കൈയടക്കത്തോടെ അവതരിപ്പിച്ച നിമിഷ തന്നെയാണ് ഒരു സാധാരണ സ്‌കൂള്‍ പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ അതിതീവ്രമായ മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും ചോലയില്‍ അവിസ്മരണീയമാക്കിയത്. ഈ രണ്ട് സിനിമകളിലെയും പ്രകടനത്തിനു ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിമിഷയ്ക്ക് ലഭിച്ചു.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പില്‍ നിമിഷയുടെ കഥാപാത്രത്തിന്റെ പേര് കീര്‍ത്തി എന്നായിരുന്നു. സുഹൃത്ത് ദിയയും (രജിഷ വിജയന്റെ കഥാപാത്രം) തന്റെ സഹോദരന്‍ അമലും (വെങ്കിടേഷ് വി.പി. അവതരിപ്പിച്ച കഥാപാത്രം) പ്രണയത്തിലാണെന്ന് കീര്‍ത്തിക്ക് അറിയാം. ഇരുവരുടെയും പ്രണയബന്ധത്തെ പിന്തുണയ്ക്കുന്നുണ്ട് കീര്‍ത്തി. അവര്‍ക്കിടയില്‍ കളിച്ചും ചിരിച്ചും ഉല്ലസിക്കുന്ന കഥാപാത്രമാണ് ആദ്യ ഭാഗങ്ങളില്‍ നിമിഷയുടെ കീര്‍ത്തി. പിന്നീട് തന്റെ സഹോദരനാല്‍ ദിയ ക്രൂരമായ പീഡനത്തിനു ഇരയാകുന്നു. അതിജീവനത്തിന്റെ കഥ പറയുന്ന സ്റ്റാന്‍ഡ് അപ്പില്‍ ദിയക്കൊപ്പം നില്‍ക്കുകയെന്ന ശക്തമായ നിലപാട് കീര്‍ത്തി സ്വീകരിക്കുന്നു. ദിയയുടെ അതിജീവനത്തിനൊപ്പം നില്‍ക്കുമ്പോള്‍ എതിര്‍ക്കേണ്ടത് സ്വന്തം സഹോദരനെയാണെന്ന് കീര്‍ത്തിക്ക് അറിയാം. ദിയയ്ക്ക് നീതി ലഭിക്കാന്‍ സ്വന്തം സഹോദരനെ കോടതി കയറ്റുന്ന കീര്‍ത്തിയുടെ ബോള്‍ഡ് ആറ്റിറ്റിയൂഡ് വളരെ പെര്‍ഫക്ട് ആയി തന്നെ നിമിഷ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെയും നായാട്ടിലെയും നിമിഷയുടെ കഥാപാത്രങ്ങളും നേരത്തെ പറഞ്ഞ അടിച്ചമര്‍ത്തലുകളുടെയും ഇന്‍സെക്യൂരിറ്റിയുടെയും പ്രതീകമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ സര്‍വ്വ സമയവും ചിരിച്ചു നടക്കണമെന്നാണ് മലയാളി ആഗ്രഹിക്കുന്നതെങ്കില്‍ നിമിഷയുടെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ തിരക്കഥാകൃത്തോ സംവിധായകനോ അത് ആഗ്രഹിക്കുന്നില്ല. മാലിക്കിലേക്ക് എത്തുമ്പോഴും നിമിഷ അങ്ങനെ തന്നെയാണ്. സുലൈമാന്‍ മാലിക്കും റോസിലിനും തമ്മിലുള്ള അടുപ്പണവും പ്രണയവും ഒട്ടും 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ടോണിലല്ല നിമിഷയും ഫഹദും അവതരിപ്പിച്ചിരിക്കുന്നത്. ആ പ്രണയ കാഴ്ചകള്‍ പ്രേക്ഷകനെ മടുപ്പിക്കുന്നില്ല. എന്നാല്‍, സുലൈമാന്‍ മാലിക്ക് ജയിലില്‍ കിടക്കേണ്ടിവരുമ്പോള്‍ റോസിലിന്‍ എന്ന കഥാപാത്രത്തിനും സംവിധായകന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള രൂപാന്തരം സംഭവിക്കുന്നുണ്ട്. റോസിലിന്‍ കൂടുതല്‍ ബോള്‍ഡും പക്വമതിയും ആകുന്നു. അത് ഒരു കഥാപാത്രത്തിന്റെ സിനിമ ആവശ്യപ്പെടുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണ്.

കഥാപാത്രം എന്ത് ആവശ്യപ്പെടുന്നോ അത് നല്‍കുകയാണ് ഓരോ അഭിനേത്രിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയെങ്കില്‍ നിമിഷ മലയാളത്തില്‍ ഇപ്പോള്‍ ഉള്ള നടിമാരില്‍ ഏറ്റവും മികവുറ്റ കലാകാരിയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെയും നായാട്ടിലെയും മാലിക്കിലെയും സ്റ്റാന്‍ഡ് അപ്പിലെയും നിമിഷയെ കാണുമ്പോള്‍ പ്രേക്ഷകന് ചിരിയാണ് വരുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ അതിനോടകം തന്നെ നിര്‍ജീവമാണെന്ന് വിധിയെഴുതേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :