എസ് ഹർഷ|
Last Modified വ്യാഴം, 1 നവംബര്‍ 2018 (15:02 IST)
അപ്രതീക്ഷിതമായി വരുന്ന അതിഥിയാണ് മരണം. നാം കരുതുന്നത് പോലെയേ ആകില്ല നമ്മുടെ മരണവും അതിനുശേഷമുള്ള മരണാനന്തര ചടങ്ങുകളും. ഒരു മരണത്തിലൂടെ ഉണ്ടാകുന്ന നൂലാമാലകൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാകും. അത്തരമൊരു വിഷയത്തെ ആധാരമാക്കിയാണ് രഞ്ജിത് ‘ഡ്രാമ’ ഒരുക്കിയിരിക്കുന്നത്.
അരുന്ധതി നാഗ് അവതരിപ്പിച്ച റോസമ്മ എന്ന കഥാപാത്രത്തിന്റെ മരണവും മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആറ് മക്കളുടെ അമ്മയാണ് റോസമ്മ. തന്റെ ജീവിതത്തിന്റെ അവസാന കാലം മകളോടൊത്ത് നിൽക്കാമെന്ന ആഗ്രഹത്തോടെ ലണ്ടനിലെത്തിയ റോസമ്മ അവിടെ വെച്ച് മരണപ്പെടുന്നു.
പക്ഷേ, ജീവിച്ചിരുന്നപ്പോൾ തന്നെ റോസമ്മ മക്കളോട് ഒരു കാര്യം പറഞ്ഞിരുന്നു. ഭർത്താവിന്റെ ശവകുടീരത്തിന് അടുത്ത് തന്നെ അടക്കണമെന്ന കാര്യം. എന്നാൽ, റോസമ്മയുടെ ഈ ആഗ്രഹത്തിന് വിലകൊടുക്കാതെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു. ഇതിനായി അവർ സമീപിക്കുന്നത് രാജുവെന്ന രാജഗോപാലിനെ.
ലണ്ടനിൽ മരണാനന്തര ചടങ്ങുകൾ നടത്തികൊടുക്കുന്ന ഏജൻസിയിൽ ആണ് രാജഗോപാലെന്ന രാജു ജോലി ചെയ്യുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന രാജുവിനാണ് റോസമ്മയുടെ മരണാനന്തര ചടങ്ങുകളുടെ വർക്ക് കിട്ടുന്നത്. അതേ തുടർന്ന് ഉണ്ടാകുന്ന പൊല്ലാപ്പുകളും പ്രശ്നവും പരിഹാരവുമാണ് ചിത്രം പറയുന്നത്.
വളരെ രസകരമായി തന്നെയാണ് കഥ പോകുന്നത്. ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിച്ച ചിത്രമാണ് ഡ്രാമ. സംവിധായകൻ തന്നെ പറഞ്ഞത് പോലെ ‘സീറ്റ് എഡ്ജ് അല്ലാതെ ചാരി ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന‘ ശരാശരിക്കു മുകളിൽ നിൽക്കുന്ന അനുഭവം. അതാണ്
ഡ്രാമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. മികച്ച തിരക്കഥയിലും മികച്ച സംവിധാനത്തിലും മികച്ച അഭിനയത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഡ്രാമയെന്ന് നിസംശയം പറയാം.
ദിലീഷ് പോത്തൻ, രൺജി പണിക്കർ, ജോണി ആന്റണി തുടങ്ങിയവരുടെ അഡാറ് അഭിനയം. ഇന്റർവെൽ വരെ ഒട്ടും ബോറടിപ്പിക്കാതെ നീങ്ങിയപ്പോൾ, ഇടവേളക്ക് ശേഷം അല്പനേരം മുഷിപ്പിക്കുന്നുണ്ട്. പിന്നീട് ട്രാക്കിലേക്ക് വന്നു. ഗ്ലാമറായ മോഹൻലാലിനെ കണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.
റേറ്റിംഗ്: 3.5/5