മോഹൻലാലിനേ അതിന് കഴിയൂ, എം ടി മാത്രമല്ല, ഭരതനും ഹരിഹരനും ഉറപ്പിച്ചിരുന്നു!

അപർണ| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (11:28 IST)
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറുമെന്ന് കരുതിയ രണ്ടാമൂഴം പ്രതിസന്ധിയിലാണ്. രണ്ടാമൂഴത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്നും തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങിയെന്ന വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

തിരക്കഥ തിരികെ വേണമെന്നും സിനിമയ്ക്കായി കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ വേണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയും വിഎ ശ്രീകുമാര്‍ മേനോനെന്ന സംവിധായകനുമില്ലാതെ മഹാഭാരതം പുറത്തിറക്കുമെന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയത്. ഇതോടെയാണ് രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായെന്ന് പ്രേക്ഷകരും ഉറപ്പിച്ചത്.

എംടി വാസദുദേവന്‍ നായര്‍ മാത്രമല്ല നേരത്തെ രണ്ടാമൂഴം സിനിമയാക്കാനായി ശ്രമിച്ചവരും ഭീമനെന്ന കഥാപാത്രമായി മനസ്സില്‍ കണ്ടിരുന്നതും മോഹന്‍ലാലിനെയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എം ടിക്ക് മുന്നേ ഭരതനും ഹരിഹരനുമൊക്കെ ഭീമനെ മുൻ‌നിർത്തി ഒരു സിനിമയൊരുക്കാൻ തയ്യാറെടുത്തതായിരുന്നുവെന്നും അപ്പോഴൊക്കെ അവരുടെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം മോഹൻലാലിന്റെ ആയിരുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു. അന്നത് നടന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും അത് തിരക്കഥയാക്കി മാറ്റുന്നതിനിടയിലും എംടി വാസുദേവന്‍ നായരുടെ മനസ്സില്‍ തെളിഞ്ഞുനിന്നത് മോഹന്‍ലാലിന്റെ മുഖമായിരുന്നു. നായകനായി അദ്ദേഹത്തെയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ എം ടിക്ക് കഴിയുമായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :