മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ട് അനുഗ്രഹീതമാണ് 1993 ബോംബെ മാര്‍ച്ച് 12. ഒരു നടനെന്ന നിലയില്‍ ഇളകിയാട്ടത്തിനൊന്നും അദ്ദേഹത്തിന്‍റെ ഈ കഥാപാത്രങ്ങള്‍ക്ക് സാധ്യതയില്ല. ഒതുക്കത്തോടെയുള്ള ഭാവപ്രകടനങ്ങളില്‍ മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. ഒരുപക്ഷേ, മമ്മൂട്ടിയുടെ ആരാധകരെ നിരാശരാക്കിയതും അതാവാം. പിന്നെ സിനിമയുടെ ഇഴച്ചില്‍. ആദ്യപകുതി കുഴപ്പമില്ലാതെ പോയെങ്കിലും രണ്ടാം പകുതിയില്‍ നല്ല ഇഴച്ചില്‍ അനുഭവപ്പെട്ടു.
ചില സീനുകള്‍ ആവര്‍ത്തിക്കുന്നത്, ആശയക്കുഴപ്പമുണ്ടാക്കുന്ന ചില സംഭവങ്ങള്‍, ഭാവനാശൂന്യമായ ഗാനചിത്രീകരണം എന്നിവ ചിത്രത്തിന്‍റെ ന്യൂനതകളാണ്. ഇവയൊന്നും പൊറുക്കാന്‍ മാത്രമുള്ള ഹൃദയവിശാലത ഇന്നത്തെ പ്രേക്ഷകര്‍ക്കില്ലല്ലോ.
റോമയുടെ പ്രകടനം അതിഗംഭീരമായിട്ടുണ്ട്. അവരുടെ കരിയര്‍ ബെസ്റ്റ് എന്നു പറയാം. അതുപോലെ ഉണ്ണി എന്ന നവാഗത നടന്‍റെ അഭിനയവും പ്രശംസനീയമാണ്(ഈ നടന്‍ ലോഹിതദാസിന്‍റെ കണ്ടെത്തലാണത്രെ. ‘ഭീഷ്മര്‍’ എന്ന സിനിമയിലേക്ക് ലോഹി കണ്ടെത്തിയ നടന്‍. ആ സിനിമ യാഥാര്‍ത്ഥ്യമാക്കാതെ ലോഹി മറഞ്ഞെങ്കിലും തമിഴില്‍ ഉണ്ണിക്ക് ഒരു മികച്ച വേഷം ലഭിച്ചിരുന്നു). സാദിഖിന്‍റെ കഥാപാത്രവും ഗംഭീരം.