ഈ സിനിമയുടെ തിരക്കഥയില്‍ ബാബു ജനാര്‍ദ്ദനന്‍ കാണിച്ച എക്സലന്‍സ് സംവിധാനത്തില്‍ ഉണ്ടായില്ല. ഭേദപ്പെട്ട ഒരു തിരക്കഥയുടെ ഏറ്റവും മോശം ആവിഷ്കാരമാണ് ‘1993 ബോംബെ മാര്‍ച്ച് 12’. ഒരു നവാഗത സംവിധായകന് സംഭവിക്കാവുന്ന എല്ലാ വീഴ്ചകളും, സംഭവിക്കരുതാത്ത വീഴ്ചകളും ബാബുവിന് പിണഞ്ഞിരിക്കുന്നു. ‘തിരക്കഥാകാരന്‍ സംവിധായകനാകുമ്പോള്‍’ എന്ന വിഷയത്തില്‍ വീണ്ടും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ട്.
കാലങ്ങളാണ് സംവിധായകന് ഏറ്റവും പിടികിട്ടാത്ത ഒരു വിഷയം. കലാസംവിധാനത്തില്‍, ലൊക്കേഷന്‍ തെരഞ്ഞെടുക്കലില്‍ എല്ലാം പാളിച്ചകള്‍. 1993ല്‍ നടക്കുന്ന ഒരു കഥ പറയുമ്പോള്‍ ആ കാലത്തെ ഉപകരണങ്ങള്‍, വാഹനങ്ങള്‍, പശ്ചാത്തലം ഇവയിലൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ? പിന്നീട് 2002ലും 2007ലും നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും ആ മാറ്റം വരേണ്ടതല്ലേ? ‘ആ...ഇത്രയൊക്കെ മതി’ എന്നൊരു ഒഴുക്കന്‍ നിലപാടാണ് ബാബു ജനാര്‍ദ്ദനന്‍ സ്വീകരിച്ചിട്ടുള്ളതെന്നു തോന്നുന്നു.
അതുകൊണ്ടും തീര്‍ന്നില്ല. കഥാപാത്രങ്ങളുടെ പ്രായം ചിന്തിക്കേണ്ട ഘടകമല്ലേ? റോമയൊക്കെ പ്രേംനസീറിനെപ്പോലെയാണ്. 1993ലും 2007ലും എല്ലാം ഒരേപോലെ. ഒരു മാറ്റവുമില്ല, നിത്യഹരിത നായിക! പിന്നെ ഭട്ടായി വരുന്ന മമ്മൂട്ടിയുടെ മേക്കപ്പ് ആ പഴയ ദുരന്തത്തെ(ദ്രോണ 2010!) ഓര്‍മ്മിപ്പിച്ചു.