പിതാമഹന് എന്ന സിനിമ കഴിഞ്ഞ് ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ് സംവിധായകന് ബാല പുതിയൊരു സിനിമയുമായി എത്തുന്നത്. മൂന്ന് വര്‍ഷത്തെ പ്രയത്നമാണ് അദ്ദേഹത്തിന്റെ ‘നാന് കടവുള്‍’. എന്നാല്‍ തപസ് പോലെയുള്ള ആ പ്രയത്നം പാഴായിപ്പോയതായാണ് സിനിമ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.
സേതുവാണ് ബാലയുടെ ആദ്യചിത്രം. വിക്രം നായകനായി അഭിനയിച്ച ഈ സിനിമ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുതിയൊരു അനുഭവമായിരുന്നു. പിന്നീട് സൂര്യയെ നായകനാക്കി നന്ദ. 2003ലാണ് പിതാമഹന് സംഭവിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണു വിക്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡു കിട്ടിയത്. ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും പിതാമഹന് നേടി. പ്രത്യേകതകള്‍ നിറഞ്ഞതാണ് ബാലയുടെ ഓരോ ചിത്രങ്ങളും.
പരുത്തിവീരന്, സുബ്രഹ്മണ്യപുരം, വെയില്, ഇംശൈ അരസന് ഇരുപത്തിയൊന്നാം പുലികേശി തുടങ്ങി ഒരുപിടി തമിഴ് ചിത്രങ്ങള്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം മാറ്റിയെഴുതുന്ന സാഹചര്യത്തിലാണ് ‘നാന് കടവുള്‍’ റിലീസായത്.
എന്നാല്‍ ഒട്ടേറെ പ്രതീക്ഷകളുമായി ബാലയുടെ പുതിയ സിനിമയെ കാത്തിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായി ഈ ചിത്രം. സമാന്തര തമിഴ് സിനിമയുടെയും ബാലയുടെ തന്നെയും നിലവാരത്തില്‍ നിന്ന് ‘നാന് കടവുള്‍’ താഴേയ്ക്ക് വ്യതിചലിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.