മഞ്ജു വാര്യരല്ല, മീരാ ജാസ്മിനല്ല, അത് അമലാ പോള്‍!

WEBDUNIA|
PRO
ഫഹദ് ഫാസിലിനെ നായകനാക്കിയാണ് സത്യന്‍ അന്തിക്കാട് തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു സാധാരണക്കാരന്‍റെ ജീവിതപോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്.

ഈ സിനിമയിലൂടെ മഞ്ജു വാര്യര്‍ മടങ്ങിയെത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പിന്നീട് സത്യന്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. മഞ്ജു വാര്യര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും മഞ്ജു എന്നെങ്കിലും തിരിച്ചുവരുമെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു സിനിമയെടുക്കുമെന്നും സത്യന്‍ പറഞ്ഞിരുന്നു.

പിന്നീട് കേട്ടത്, സത്യന്‍ അന്തിക്കാടിന്‍റെ പ്രിയനായികയായ മീരാ ജാസ്മിന്‍ ഈ സിനിമയില്‍ ഫഹദിന്‍റെ ജോഡിയാകും എന്നാണ്. അച്ചുവിന്‍റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യന്‍ സിനിമകളില്‍ മീരയായിരുന്നു നായിക. തന്‍റെ നായികയെ തിരഞ്ഞ് ക്ഷമകെട്ട് ഒടുവില്‍ മീരാ ജാസ്മിനെ തന്നെ നായികയാക്കാന്‍ സത്യന്‍ അന്തിക്കാട് തീരുമാനിച്ചതായി ആയിരുന്നു വിവരം. എന്നാല്‍ അതും ശരിയായ റിപ്പോര്‍ട്ടല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ നായികയായി എത്തുന്നത് അമലാ പോള്‍ ആണെന്നാണ് ഏറ്റവും പുതിയ വിവരം. അമലയുമായി സത്യന്‍ ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മലയാളത്തില്‍ റണ്‍ ബേബി റണ്‍, ആകാശത്തിന്‍റെ നിറം തുടങ്ങിയ സിനിമകളില്‍ അമലാ പോള്‍ നായികയായിരുന്നു. ഇതില്‍ റണ്‍ ബേബി റണ്ണിലെ അമലയുടെ പെര്‍ഫോമന്‍സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിജയ് നായകനായ ‘തലൈവാ’ ആണ് അമല പോളിന്‍റെ അടുത്ത റിലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :