മലയാളിക്ക് ഓണം ആഘോഷിക്കാന്‍ അരിയും പച്ചക്കറിയും പൂവും എല്ലാം അയല്‍ നാട്ടുകളില്‍ നിന്ന് എത്തണമെങ്കില്‍ എന്തുകൊണ്ട് ഓണ സിനിമകളും അവിടെ നിന്ന് വന്നുകൂട.
ഇക്കുറി ഓണസിനിമകള്‍ക്കും മലയാളിക്ക് തമിഴനെയും തെലുങ്കനേയും ആശ്രയിക്കാം. സൂപ്പര്‍താരങ്ങള്‍ക്ക് ഒന്നും ഇക്കുറി ഓണ സിനിമ ഇല്ല. വിപണിയിലെ ചെറുമീനുകള്‍ മാത്രമാണ് ഓണ സിനിമ ഒരുക്കിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വമ്പന്‍ ചിത്രങ്ങള്‍ ഇക്കുറി ഓണത്തിന് കേരളത്തില്‍ വമ്പന്‍ കൊയ്‌ത്തു നടത്തുമെന്നകാര്യം ഉറപ്പായി.
യുവതാരം പൃഥ്വിരാജിന് മാത്രമാണ് ഓണം പ്രതീക്ഷക്ക് വകനല്‌കുന്നത്. രണ്ട് ചിത്രങ്ങളാണ് ഓണം റിലീസിന് എത്തുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ‘തലപ്പാവും’ രഞ്‌ജിത്ത് ഒരുക്കിയ ‘തിരക്കഥ’യുമാണ് ഓണത്തിന് എത്തുന്ന പൃഥ്വി ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളും സെപ്‌തംബര്‍ 12ന് റിലീസ് ചെയ്യും.
സുരേഷ് ഗോപിക്കും ഇക്കുറി രണ്ട് ഓണചിത്രങ്ങളുണ്ട്. ബൈജു 2ഡി സംവിധാനം ചെയ്‌ത ‘താവളം’, നിസാറിന്‍റെ ‘ബുള്ളറ്റ്’.
സംവിധായകന്‍ രഞ്‌ജിത്ത് നായക വേഷത്തില്‍ എത്തുന്ന ജയരാജ് ചിത്രം ‘ഗുല്‍മോഹര്‍’ ആണ് ഓണത്തിന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. ജയറാമിന്‍റെ ‘പാര്‍ത്ഥന്‍ കണ്ട പരലോകവും’ ഇക്കുറി ഓണത്തിന് റിലീസ് ചെയ്യുമെന്ന് കരുതുന്നു.
പുതുമുഖ സംവിധായകന്‍ കൃഷ്‌ണകുമാര്‍ ഒരുക്കുന്ന കുട്ടികളുടെ ചിത്രം ‘ചിത്രശലഭങ്ങളുടെ വീടും’ ഓണത്തിന് റിലീസ് ചെയ്യുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും എല്ലാം റംസാന്‍ ഓണ വിപണികള്‍ക്ക് വേ്‌ണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.