ഇത്തവണ മധുര്‍ ഭണ്ഡര്‍ക്കര്‍ ക്യാമറ തിരിക്കുന്നത് ഇന്ത്യന്‍ ജയിലുകളിലേക്കാണ്. ആദ്യ ചിത്രമായ ‘ചാന്ദ്‌നിബാറി’ല്‍ നൃത്തവേശ്യാലയങ്ങളെ കുറിച്ചും ‘പേജ് ത്രീ’യില്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ കുറിച്ചും ‘കോര്‍പ്പറേറ്റില്‍ ’വ്യാവസായിക രംഗത്തെ കുറിച്ചും ‘ട്രാഫിക് സിഗ്നലില്‍ ’ മെട്രോ തെരുവുകളെ കുറിച്ചും പറഞ്ഞ ഭണ്ഡാര്‍ക്കര്‍ ഇനിയും പുറത്തുവരാനിരിക്കുന്ന ‘ഫാഷനില്‍ ’ മോഡലിങ്ങ് ലോകത്തേക്കാണ് പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നത്.
‘ഫാഷന്‍ ’പൂര്‍ത്തിയാക്കിയ ഭണ്ഡാര്‍ക്കര്‍ വിശ്രമിക്കുന്നില്ല. അടുത്ത ചിത്രമായ ജയിലിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ ജയിലുകളിലെ സമകാലീന യാഥാര്‍ത്ഥ്യങ്ങളാണ് ‘ ജയില്‍ ’ തുറന്നുകാട്ടുക. ‘ജോണിഗദ്ദാര്‍ ’ എന്ന സിനിമയിലൂടെ അവതരിച്ച നെയില്‍ നിതിന്‍ മുകേഷ് ആണ് ജയിലിലെ നായകന്‍.
‘ഇന്ത്യന്‍ സിനിമകളില്‍ ജയിലുകള്‍ വില്ലന്മാര്‍ക്കും സുഖവാസം നടത്താനുള്ള സ്ഥലമാണ്. എന്നാല്‍ യാഥാതഥമായി കഥപറഞ്ഞ് പ്രേക്ഷകരെ സത്യം ബോധ്യപ്പെടുത്താനാണ് ജയിലിലൂടെ ഞാന്‍ ശ്രമിക്കുന്നത്’-ഭണ്ഡാര്‍ക്കര്‍ പറയുന്നു.
നിത്യ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്നാണ് ഭണ്ഡാര്‍ക്കര്‍ ‘ജയിലിന്‍റെ’ കഥയും രൂപപ്പെടുത്തിയിരിക്കുന്നത്. നടുറോഡില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയ കേസില്‍ ജയിലിലടക്കപ്പെട്ട മുംബൈ സ്വദേശിമായി സിനിമയിലെ നായകന് ചില സാമ്യങ്ങള്‍ ഉണ്ടാകാം എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദൗര്‍ഭാഗ്യം നിമിത്തവും അവിചാരിതമായ കാരണങ്ങളാലും ജയിലില്‍ അടയ്‌ക്കപ്പെടുകയാണ് നായകന്‍, അവിടെ അയാള്‍ വേറെ ചിലരെ കൂടി പരിചയപ്പെടുന്നു. ഇതാണ് ജയിലിന്‍റെ പ്രമേയം.
എന്നാല്‍ ഈ കാഥാപാത്രങ്ങളിലൂടെ ജയിലുകള്‍ക്കുള്ളിലെ ജീവിതത്തെ കുറിച്ച് സമഗ്രമായ ഒരു അവലോകനമായിരിക്കും ഭണ്ഡാര്‍ക്കര്‍ നടത്തുന്നത്. നിമയപാലകരും കുറ്റവാളികളും നീതിയുടെ തുലാസില്‍ എവിടെ നില്‍ക്കുന്നു എന്ന അന്വേഷണം.
WEBDUNIA|
മോഡലിങ്ങ്‌ലോകത്തെ കാപട്യ ലോകത്തെ തുറന്നു കാട്ടുന്ന ഭണ്ഡാര്‍ക്കര്‍ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക.