ഒറ്റക്കൊമ്പനിലെ കൊലകൊമ്പനാകാൻ ബിജുമേനോൻ !

കെ ആര്‍ അനൂപ്| Last Modified ശനി, 30 ജനുവരി 2021 (10:23 IST)
സുരേഷ് ഗോപി മാസ് വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ഒരു മരണമാസ് പാലാക്കാരൻ അച്ചായൻ ആയാണ് നടൻ എത്തുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന വിവരം അദ്ദേഹം അറിയിച്ചു. 'നോബിള്‍’ എന്നാണ് ബിജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

"വെൽക്കം ഓൺ ബോർഡ് ഡിയർ ബിജു മേനോൻ, താങ്കൾ ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം" - സുരേഷ് ഗോപി കുറിച്ചു. താരത്തിൻറെ പുതിയ ലുക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. കട്ടിമീശയിൽ കലിപ്പ് ലുക്കിലാണ് നടനെ കാണാനാകുന്നത്. അതിനാൽ തന്നെ ബിജുമേനോൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ചർച്ചകളും ആരാധകരുടെ ഭാഗത്തുനിന്ന് ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പനും കോശിയിലെ കഥാപാത്രം പോലെ തന്നെ നായകനൊപ്പം അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെ ആകും അദ്ദേഹം അവതരിപ്പിക്കുക എന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ സിനിമാപ്രേമികൾ പങ്കുവെക്കുന്നുണ്ട്.

ഏകദേശം 25 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മുകേഷ്, സായ് കുമാർ, രഞ്ജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപി‌എസി ലളിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രമുഖർ തന്നെയാണ്. ‘പുലിമുരുകൻ’ ഛായാഗ്രഹകൻ ഷാജി കുമാർ ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യും. ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ഒറ്റക്കൊമ്പന് വേണ്ടി സംഗീതമൊരുക്കുന്നു.

ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പാല, കൊച്ചി, ബെംഗളൂരു, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :