മോഹൻലാലിന്‍റെ 'ആറാട്ട്' ക്ലൈമാക്‍സിലേക്ക്, അവസാന ഷെഡ്യൂൾ എറണാകുളത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ജനുവരി 2021 (14:08 IST)
മോഹൻലാലിൻറെ 'ആറാട്ട്' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. പാലക്കാട് ചിത്രീകരണം തുടങ്ങിയ അവിടത്തെ ഷെഡ്യൂൾ പൂർത്തിയാക്കി നിലവിൽ ഊട്ടിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഷെഡ്യൂളും പൂർത്തിയാക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതിനുശേഷം ടീം എറണാകുളത്തേക്ക് എത്തും. ക്ലൈമാക്സ് രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിക്കുക. ഫെബ്രുവരി രണ്ടാം വാരത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

മോഹൻലാലിൻറെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ അഭിനയിച്ച രവികുമാർ 39 വർഷങ്ങൾക്കുശേഷം മോഹൻലാലുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലാലിൻറെ അച്ഛനായാണ് രവികുമാർ ആറാട്ടിൽ എത്തുന്നത്. അമ്മ വേഷത്തിൽ സീതയും എത്തും.

അടിപൊളി ആക്ഷൻ രംഗങ്ങളുള്ള സിനിമയിൽ കെജിഎഫ് താരം രാമചന്ദ്ര രാജു വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. ‘നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്' എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക സാഹചര്യത്തിൽ പാലക്കാട്ടേക്ക് എത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ‘ആറാട്ട്’ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌ർ കൂടിയാണ്.

ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :