മലയാള സിനിമ നടന്‍മാര്‍ക്ക് നല്‍കുന്ന മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കിയ ഒരു നടനേയുള്ളൂ - സലിംകുമാര്‍. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച ഹാസ്യനടന്‍. ഈ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുകയും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്ത സലിംകുമാര്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ മാത്രം അഭിനയിക്കും. അല്ലെങ്കില്‍ വീട്ടില്‍ കൃഷിയും നോക്കി ജീവിതം ആസ്വദിക്കും!
സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം അഭിപ്രായം, അതാര്‍ക്കൊക്കെ അപ്രിയമാണെങ്കില്‍ പോലും ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്ന നടനാണ് സലിംകുമാര്‍. അദ്ദേഹത്തിന്‍റെ പുതിയ അഭിപ്രായപ്രകടനം കേട്ടോ. മലയാള സിനിമയില്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയും മനസിലുള്ളത് പറഞ്ഞുതീര്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ വളരെ കുറവാണെന്നും, പക്ഷേ ശ്രീനിവാസനും പൃഥ്വിരാജും തന്‍റേടത്തോടെ കാര്യങ്ങള്‍ പറയുന്നവരാണെന്നുമാണ് സലിം പറഞ്ഞിരിക്കുന്നത്.
“ശ്രീനിവാസന്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള ഒരാള്‍. അയാള്‍ ഒരാണാണ്. പൃഥ്വിരാജും അങ്ങനെയൊരാളാണ്. പൃഥ്വിരാജിനെ ഞാന്‍ ഫോണ്‍ പോലും ചെയ്യാറില്ല. അയാള്‍ പരിചയമില്ലാത്തവരെ കണ്ട് ചിരിക്കുകയും കെട്ടിപ്പിടിക്കുകയുമൊന്നുമില്ല. ഒരു സെലിബ്രിറ്റി, പരിചയമില്ലാത്ത ഒരാളെ കണ്ടാല്‍ ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ജനക്കൂട്ടത്തെ നോക്കി ‘ശല്യം പോകാന്‍ പറ’ എന്നുപറഞ്ഞിട്ട് ഇറങ്ങിവന്ന് കൈവീശുന്നവരുണ്ട്. ആളുകള്‍ക്കും സന്തോഷം. അങ്ങനെയല്ലാത്ത മറ്റവന്‍ ജാഡ. ഈ ജാഡയില്ലാത്തവന്‍ എന്താണ് പറഞ്ഞതെന്ന് കേട്ടാല്‍ നാട്ടുകാര്‍ തീയിട്ടുകൊല്ലുമവനെ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.
ദേശീയ അവാര്‍ഡ് കിട്ടിയതിന് ശേഷം തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊക്കെ എല്ലാവരോടും അഭിപ്രായം പറയേണ്ട അവസ്ഥയാണെന്ന് സലിംകുമാര്‍ വ്യക്തമാക്കുന്നു.
“എല്ലാത്തിലും ഉത്തരം താങ്ങിയാവേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്തിലും അഭിപ്രായം പറയുന്ന ഒരാളായി എന്നെ സൂം ഇന്‍ ചെയ്യാന്‍ തുടങ്ങി. ഉദാഹരണത്തിന് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഞാന്‍ എന്തു പറയാനാണ്. സച്ചിനൊപ്പം കളിച്ച ശ്രീശാന്തിനോടല്ലേ അഭിപ്രായം ചോദിക്കേണ്ടത്. എന്നോടാണോ?” - സലിംകുമാര്‍ ചോദിക്കുന്നു.
ഇനി തിരക്കുപിടിച്ച് അഭിനയിക്കണമെന്ന ആഗ്രഹമൊന്നും സലിംകുമാറിനില്ല. നല്ല തിരക്കഥകളില്‍, നല്ല കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയാണ് ലക്‍ഷ്യം. “ഇനി ജീവിതം ആസ്വദിക്കണം എന്നുണ്ട്. സിനിമയില്ലേ എന്ന ആളുകളുടെ ചോദ്യം പേടിച്ചാണ്. അല്ലെങ്കില്‍ സിനിമയില്‍ നിന്ന് വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്ത് വീട്ടില്‍ വെറുതെ ഇരുന്നേനെ ഞാന്‍” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.