എസ് എം ഇ: പ്രതികള്‍ അപ്പീല്‍ നല്‍കി

കൊച്ചി| WEBDUNIA|
എസ് എം ഇ റാഗിങ് കേസിലെ ഒന്നും രണ്ടും പ്രതികള്‍ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷ തടയണമെന്നാണ് അപ്പീലില്‍ പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ രഞ്ജിത്ത്‌ വര്‍ഗീസ്‌, ഷെറിന്‍ എന്നിവരാണ്‌ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

അപ്പീലില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. എന്നാല്‍, ശിക്ഷ തടയണമെന്ന പ്രതികളുടെ ആവശ്യം അനുവദിക്കരുതെന്ന്‌ കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും കോട്ടയത്തെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഷെഫീഖിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. മൂന്നാം പ്രതിയായ ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.

‌2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :