എന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്‍ മോഹന്‍ലാല്‍: സിബി മലയില്‍

WEBDUNIA|
PRO
ഇത്രയും കാലത്തെ തന്‍റെ സിനിമാജീവിതത്തില്‍ തന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്‍ മോഹന്‍ലാലാണെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. മമ്മൂട്ടി, മുരളി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയ മഹാരഥന്‍‌മാരെ തന്‍റെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. എന്നാല്‍ തന്നെ വിസ്മയിപ്പിച്ചത് മോഹന്‍ലാല്‍ മാത്രമാണെന്ന് ‘മംഗള’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിബി മലയില്‍ തുറന്നുപറയുന്നു.

“ഇത്രയും കാലത്തെ എന്‍റെ അനുഭവത്തില്‍ എന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്‍ മോഹന്‍ലാലാണ്‌. അപാരമായ അഭിനയപാടവമാണ്‌ അദ്ദേഹം എന്‍റെ സിനിമകളിലടക്കം പ്രകടിപ്പിച്ചിട്ടുള്ളത്‌. 'കമലദള'ത്തില്‍ നര്‍ത്തകനായി അഭിനയിക്കുമ്പോള്‍ നൃത്തം പഠിക്കണമെന്ന് ഏറ്റവുമധികം നിര്‍ബന്ധം മോഹന്‍ലാലിനായിരുന്നു. എന്നാലേ പെര്‍ഫെക്‌ടാകുകയുള്ളൂ എന്നാണ് ലാല്‍ പറഞ്ഞത്‌. ലാല്‍തന്നെയാണ്‌ നൃത്താധ്യാപകനെ കൊണ്ടുവന്നു കൂടെ താമസിപ്പിച്ചത്‌. പുലര്‍ച്ചെ നാലിന്‌ എഴുന്നേറ്റ്‌ ആറുവരെ പഠനമാണ്‌. ഞങ്ങളൊക്കെ എഴുന്നേല്‍ക്കുമ്പോഴേക്കും ലാല്‍ വിയര്‍ത്തുകുളിച്ച്‌ നില്‍ക്കുകയായിരിക്കും. ഈയൊരു കഠിനപ്രയത്നം പുതുതലമുറയില്‍ കാണാനാവുന്നില്ല” - സിബി മലയില്‍ പറയുന്നു.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ധനം, സദയം, മായാമയൂരം, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ്, ദേവദൂതന്‍, ഫ്ലാഷ് എന്നിവയാണ് മോഹന്‍ലാലും സിബി മലയിലും ഒന്നിച്ച സിനിമകള്‍. ഇവയില്‍ പലതും മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും താരസൂര്യന്‍‌മാരാണെന്നും അവര്‍ക്കുമുന്നില്‍ മറ്റുള്ളവര്‍ നിഷ്പ്രഭരാകുകയാണെന്നും സിബി പറയുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് ചെയ്യാന്‍ കഴിയുന്ന വേഷങ്ങള്‍ അവര്‍ക്കായി വിട്ടുനല്‍കാന്‍ മമ്മൂട്ടിയും ലാലും തയ്യാറാകണമെന്നും സിബി പറയുന്നു.

“ഒരുപാടു സിനിമകള്‍ ചെയ്തുകഴിഞ്ഞാണ്‌ മമ്മൂട്ടിയും ലാലും സൂപ്പര്‍താര പദവിയിലെത്തിയത്‌. അതിനവര്‍ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്‌. അതേസമയം, അവര്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. പുതിയ തലമുറയ്‌ക്കു ചെയ്യാവുന്ന വേഷങ്ങള്‍ അവര്‍ക്കു വിട്ടുകൊടുക്കണം. അവര്‍ക്കുമാത്രം ചെയ്യാവുന്ന വേഷങ്ങള്‍ ഏറ്റെടുക്കുകയും വേണം. അപ്പോള്‍ മമ്മൂട്ടിയെയും ലാലിനെയും വച്ച്‌ നല്ല സിനിമകള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല” - സിബി മലയില്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - രതിനിര്‍വേദം സെക്സിനെ വില്‍ക്കാനുള്ള ശ്രമം: സിബി മലയില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :