വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നത് റാഗിങ്ങിനിടെ; പാട്ട് കേട്ട് ഇഷ്ടമായി, പിന്നെ പ്രണയം

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (16:14 IST)

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന സിനിമയാണ് ഹൃദയം.

ഹൃദയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിനീത് ശ്രീനിവാസന്റേയും ജീവിതപങ്കാളി ദിവ്യയുടേയും പ്രണയം വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപൊക്കിയിരിക്കുന്നത്. ഹൃദയം സിനിമയില്‍ വിനീത് തന്റെ പ്രണയമാണോ കാണിച്ചിരിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.

കോളേജില്‍ വെച്ചാണ് വിനീതും ദിവ്യയും പരിചയപ്പെടുന്നത്. വിനീതിനെ പോലെ ദിവ്യയ്ക്കും പാട്ടിനോട് വലിയ കമ്പമാണ്. ഒരു റാഗിങ് അനുഭവം തനിക്കുണ്ടായെന്നും അതില്‍ നിന്നാണ് വിനീതും താനും പരിചയത്തിലാകുന്നതെന്നും ദിവ്യ പറയുന്നു.

യാദൃച്ഛികമായി പരിചയപ്പെട്ടവരാണ് താനും വിനീതും. അന്ന് ചെന്നൈയിലെ കെസിജി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന് പഠിക്കുകയാണ്. ആദ്യ ദിവസം വിനീതിന്റെ ക്ലാസമേറ്റ് എന്നെ റാഗ് ചെയ്തു. മലയാളം പാട്ട് പാടണമെന്നാണ് ആവശ്യപ്പെട്ടത്. കോയമ്പത്തൂരില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് മലയാളം അത്ര വശമില്ലായിരുന്നു എനിക്ക്. മലയാളം പാട്ട് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ സീനിയേഴ്‌സ് വിനീതിനെ വിളിച്ച് പാട്ട് പഠിപ്പിച്ച് കൊടുക്കാന്‍ പറഞ്ഞു. പിന്നീട് കോളേജ് പരിപാടിയില്‍ വിനീത് പാടിയത് കേട്ടപ്പോള്‍ ഇഷ്ടമായി. അന്ന് മുതല്‍ ശ്രദ്ധിച്ച് തുടങ്ങിയതാണ്. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. ഫോണ്‍ വിളി പതിവായിരുന്നു. വിനീതിന് അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഞാന്‍ ലാന്‍ഡ് ഫോണില്‍ നിന്നും വിളിക്കും. നിരന്തരമായിട്ടുള്ള വര്‍ത്തമാനത്തിലൂടെ അടുപ്പത്തിലാവുകയും പ്രണയിക്കാന്‍ തുടങ്ങുകയും ചെയ്തു. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 9 വര്‍ഷമായെന്നും ദിവ്യ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :