ലാല്‍ അങ്കിളിന്റെ ആ കഴിവ് അപ്പുവിനും ഉണ്ട്, ഉയരങ്ങളിലേക്ക് പോകുമെന്നാണ് എനിക്ക് തോന്നുന്നത്; പ്രണവ് മോഹന്‍ലാലിനെ പുകഴ്ത്തി വിനീത് ശ്രീനിവാസന്‍

രേണുക വേണു| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (10:49 IST)

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഹൃദയത്തിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

പ്രണവിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. അച്ഛന്‍ മോഹന്‍ലാലിനെ പോലെ ചില നല്ല ക്വാളിറ്റികള്‍ പ്രണവിനും ഉണ്ടെന്നാണ് വിനീത് പറയുന്നത്. 'ഇമോഷന്‍സ് വളരെ കൂളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നയാളാണ് ലാലങ്കിള്‍. അത് അപ്പൂന്റെ പ്രകടനത്തിലുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈവെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട് ലാലങ്കിന്. പ്രണവിനും അതേ പോലെ തന്നെയാണ്. കിരീടത്തിലൊക്കെ ലാലങ്കില്‍ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്,' വിനീത് പറഞ്ഞു.

'ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ് അവന്‍. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോകുന്നത്,' വിനീത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :