കേരളത്തിന്റെ പാന്‍ ഇന്ത്യന്‍ താരങ്ങള്‍; മോഹന്‍ലാലിന്റേയും സഞ്ജുവിന്റേയും തിരിച്ചുവരവ് ആഘോഷമാക്കി മലയാളികള്‍

ബോക്‌സ്ഓഫീസിലെ തുടര്‍ പരാജയങ്ങളും കാമ്പില്ലാത്ത കഥാപാത്രങ്ങളുമാണ് കഴിഞ്ഞ ഏതാനും നാളുകളായി മോഹന്‍ലാലിന്റെ കരിയറില്‍ വില്ലനായത്

രേണുക വേണു| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (09:31 IST)

2023 ഡിസംബര്‍ 21, ഈ ദിവസം ഇനി മലയാളികള്‍ ഓര്‍ത്തുവയ്ക്കും. പ്രൊഫഷണല്‍ കരിയര്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തിന്റെ രണ്ട് പാന്‍ ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരവ് നടത്തിയ ദിവസം എന്ന നിലയില്‍ ! നടന്‍ മോഹന്‍ലാലും ക്രിക്കറ്റര്‍ സഞ്ജു സാംസണും സൂപ്പര്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ജീത്തു ജോസഫ് ചിത്രം നേര് ആണ് മോഹന്‍ലാലിനു നിമിത്തമായതെങ്കില്‍ സഞ്ജുവിന് അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനം.

ബോക്‌സ്ഓഫീസിലെ തുടര്‍ പരാജയങ്ങളും കാമ്പില്ലാത്ത കഥാപാത്രങ്ങളുമാണ് കഴിഞ്ഞ ഏതാനും നാളുകളായി മോഹന്‍ലാലിന്റെ കരിയറില്‍ വില്ലനായത്. ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങിയ സിനിമകളെല്ലാം തിയറ്ററില്‍ വന്‍ പരാജയമായി. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നിവ മാത്രം ശ്രദ്ധിക്കപ്പെട്ടു. ജയിലറിലെ അതിഥി വേഷം ആരാധകര്‍ ആഘോഷിച്ചു. അപ്പോഴും ലാലിലെ നടനെ മലയാളികള്‍ വലിയ രീതിയില്‍ മിസ് ചെയ്തിരുന്നു. ആ മോഹന്‍ലാലിനെയാണ് നേരിലൂടെ മലയാളികള്‍ക്ക് തിരിച്ചുകിട്ടിയത്.

മോഹന്‍ലാലിലെ അഭിനേതാവിനെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളികള്‍ക്ക് തിരിച്ചുകിട്ടുന്നത്. സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. തോറ്റു പോകുന്നവന്റെ നിസഹായതയും നേര് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉത്സാഹവും ലാലില്‍ ഭദ്രം..! മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയം കൊണ്ട് ഞെട്ടിക്കാനുള്ള കഴിവൊന്നും തനിക്ക് നഷ്ടമായിട്ടില്ലെന്ന് അഡ്വ.വിജയമോഹനിലൂടെ ലാല്‍ മലയാളികളോട് പറയുന്നു.

ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ മറ്റ് രണ്ട് താരങ്ങളേക്കാള്‍ കുറവ് അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇനി വല്ലപ്പോഴും അവസരങ്ങള്‍ ലഭിച്ചാല്‍ തന്നെ പലവട്ടം സമ്മര്‍ദ്ദങ്ങളുടെ അതികഭാരം താരത്തിനു വിനയായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വണ്‍ഡൗണ്‍ ബാറ്ററായി സഞ്ജു എത്തുന്നത്. ഒരുപക്ഷേ ഇത്തവണ കൂടി പരാജയപ്പെട്ടാല്‍ സഞ്ജുവിന്റെ കരിയര്‍ തന്നെ അവസാനിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ സെഞ്ചുറി നേടി സഞ്ജു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 114 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 108 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ ഇന്ത്യ 78 റണ്‍സിന് ജയിക്കുകയും ചെയ്തു. സഞ്ജു തന്നെയാണ് കളിയിലെ താരം.

2021 ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് സഞ്ജു ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ ഏകദിനത്തിലേക്ക് വിളിക്കുന്നത്. വെറും 16 മത്സരങ്ങള്‍ മാത്രമാണ് ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു കളിച്ചത്. 14 ഇന്നിങ്സുകളില്‍ നിന്നായി 56.67 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഇപ്പോള്‍ താരത്തിന്റെ പേരിലുള്ളത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :