മദ്യം നൽകരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു; മമ്മൂട്ടിയെങ്ങാനും അറിഞ്ഞാൽ കണ്ണുപൊട്ടുന്ന ചീത്ത കേൾക്കും !

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും

WEBDUNIA| Last Modified വെള്ളി, 15 മെയ് 2026 (18:00 IST)

ഗൗരവക്കാരനാണ് മമ്മൂട്ടിയെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ, ഉള്ളിന്റെ ഉള്ളിൽ സ്‌നേഹവും കരുതലും മാത്രമുള്ള വല്ല്യേട്ടനാണ് സിനിമാ സെറ്റിൽ മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. അത്തരം ഒരുപാട് സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. അതിലൊരു സംഭവം ഇങ്ങനെയാണ്.

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, രാജൻ പി.ദേവ്, ലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊമ്മനും മക്കളും തിയറ്ററുകളിൽ വൻ ഹിറ്റായിരുന്നു.

തൊമ്മനും മക്കളും ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജൻ പി.ദേവിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. രാജൻ പി.ദേവ് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഒരുപാട് നേരിടുന്ന കാര്യം മമ്മൂട്ടിക്കും അറിയാം. രാജൻ പി.ദേവിന് മദ്യപിക്കാൻ പാടില്ലായിരുന്നു. കാൽ നീരുവന്ന് വീർക്കുന്ന പ്രശ്‌നവും അദ്ദേഹം നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം അറിയുന്ന മമ്മൂട്ടി രാജൻ പി.ദേവിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഷൂട്ടിങ്ങിനെത്തുമ്പോൾ ആദ്യം ചെയ്യുക രാജൻ പി.ദേവിനെ പോയി കാണുകയാണ്. ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിയും. ഇടയ്ക്കിടെ രാജൻ പി.ദേവിനെ കൊണ്ട് ഊതിപ്പിച്ചു നോക്കും. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് അത്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഏറെ വൈകിയും ഇടയ്ക്കിടെ മമ്മൂട്ടി രാജൻ പി.ദേവിന്റെ മുറിയിലെത്തും. തന്റെ കണ്ണുവെട്ടിച്ച് രാജൻ പി.ദേവ് മദ്യപിക്കുന്നുണ്ടോ എന്നറിയാനാണ് സിബിഐ മോഡലിൽ മമ്മൂട്ടി രാജൻ പി.ദേവിന്റെ മുറിയിലെത്തിയിരുന്നത്. തന്റെ കണ്ണുവെട്ടിച്ച് ഒരു തുള്ളി മദ്യപിച്ചതായി അറിഞ്ഞാൽ രാജൻ പി.ദേവിനെ മമ്മൂട്ടി കണ്ണുപൊട്ടുന്ന ചീത്ത പറയും. നല്ല ഡോക്ടറെ കാണാൻ രാജൻ പി.ദേവിനെ മമ്മൂട്ടി ഉപദേശിച്ചിരുന്നു. പിന്നീട് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഗുരുതരമായതിനെ തുടർന്ന് രാജൻ പി.ദേവ് മരിച്ചു.

അവസാനമായി തന്റെ സ്‌നേഹിതനെ കാണാൻ എത്തിയ മമ്മൂട്ടി രാജൻ പി.ദേവിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന ബെന്നി പി.നായരമ്പലത്തിന്റെ അടുത്തെത്തി വേദനയോടെ പറഞ്ഞത് 'നമ്മുടെ തൊമ്മൻ പോയീട്ടാ,' എന്നാണ്. ബെന്നി പി.നായരമ്പലം തന്നെയാണ് ഒരിക്കൽ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :