പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിച്ചു; വൈറലായി കുടുംബ ചിത്രം !

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചെന്നൈയിലെ ഫ്‌ളാറ്റില്‍ സ്വകാര്യമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്

രേണുക വേണു| Last Modified ശനി, 4 ഫെബ്രുവരി 2023 (08:15 IST)

മകന്റെ വിവാഹത്തിനു വേണ്ടി വീണ്ടും ഒന്നിച്ച് പ്രിയദര്‍ശനും ലിസിയും. മൂത്ത മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിവാഹത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്ട് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചെന്നൈയിലെ ഫ്‌ളാറ്റില്‍ സ്വകാര്യമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ്. സിദ്ധാര്‍ത്ഥിനും മെര്‍ലിനും ഒപ്പം പ്രിയദര്‍ശനും ലിസിയും മകള്‍ കല്യാണിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.വിവാഹമോചിതരായ ശേഷം പ്രിയദര്‍ശനും ലിസിയും പൊതുവേദികളില്‍ ഒന്നിച്ച് എത്തുന്നത് അപൂര്‍വ്വമായിരുന്നു. വിവാഹ മോചിതരായ ലിസിയും പ്രിയദര്‍ശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മകന്റെ കല്യാണത്തിന് ഒരുമിച്ച ഇരുവരും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ എല്ലാം ഭംഗിയായി ചെയ്തു.

1990 ഡിസംബര്‍ 13 നാണ് പ്രിയദര്‍ശനും ലിസിയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചിതരായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :