പൂജാ മുറിയില്‍ നിന്ന് ചേച്ചിക്ക് പൊള്ളലേറ്റു എന്നത് വിശ്വസിക്കാന്‍ പറ്റിയില്ല; സുകുമാരിയുടെ മരണത്തെ കുറിച്ച് മുകേഷിന്റെ വാക്കുകള്‍

രേണുക വേണു| Last Updated: ശനി, 26 മാര്‍ച്ച് 2022 (15:00 IST)

മലയാള സിനിമയുടെ സ്വന്തം സുകുമാരിയമ്മ വിടവാങ്ങിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. പൊള്ളലേറ്റാണ് സുകുമാരി മരിച്ചത്. വീട്ടിലെ പൂജാ മുറിയിലെ വിളക്കില്‍ നിന്ന് തീ ആളിപടര്‍ന്നാണ് സുകുമാരിക്ക് പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

സുകുമാരിയുടെ വേര്‍പാടിനെ കുറിച്ച് നടന്‍ മുകേഷ് ഈയടുത്ത് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല സുകുമാരി അര്‍ഹിച്ചിരുന്നതെന്ന് മുകേഷ് പറഞ്ഞു. 'സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്,' മുകേഷ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :