BIJU|
Last Modified വെള്ളി, 9 നവംബര്‍ 2018 (14:41 IST)
മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പടയോട്ടത്തിലെ കമ്മാരനൊക്കെ ഒന്നാന്തരം വില്ലന്‍ വേഷമാണ്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി.
മമ്മൂട്ടിയുടെ ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഭാസ്‌ക്കര പട്ടേലരും അഹമ്മദ് ഹാജിയും സി കെ രാഘവനും അനന്തപത്മനാഭനും ഫിലിപ്പ് മണവാളനും ഉൾപ്പെടുന്നു.
മമ്മൂട്ടിയുടെ അതിഗംഭീരമെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പറയുന്ന കഥാപാത്രങ്ങളിലൊന്നാണ് വിധേയനിലെ ഭാസ്ക്കര പട്ടേലർ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മമ്മൂട്ടി ഗംഭീരമാക്കി. 1993 പുറത്തിറങ്ങിയ ഈ സിനിമ മെഗാസ്റ്റാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ കണക്കില്ലാത്ത അംഗീകാരങ്ങൾ നേടിക്കൊടുത്തു.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ – ഈ ചിത്രത്തിൽ മൂന്ന് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ ഹരിദാസ്, ഖാലിദ് മുഹമ്മദ് എന്നീ കഥാപാത്രങ്ങള്‍ അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന് മുന്നിൽ മുട്ടുകുത്തിയത് ചരിത്രമായിരുന്നു. നായകന്മാരേക്കാൾ മുൻപന്തിയിലായിരുന്നു അഹമ്മദ് ഹാജിയെന്ന വില്ലൻ. ആഗ്രഹിച്ചതെല്ലാം കയ്യടക്കുന്ന പ്രമാണിയായ അഹമ്മദ് ഹാജി ആ വർഷത്തിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു.
സിനിമയില്‍ ഉടനീളം നല്ലവനും ഒടുവില്‍ വില്ലനുമായി മാറുന്ന അതിഗംഭീര ചിത്രമാണ് മുന്നറിയിപ്പ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് സൃഷ്ടിക്കുന്ന അമ്പരപ്പില്‍ പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചിരുന്നു. സി കെ രാഘവന്‍ എന്ന നായകൻ വില്ലനായി മാറുന്ന നിമിഷം ഓരോ സിനിമാ പ്രേമികളുടേയും മനസ്സിൽ ഞെട്ടൽ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. മുന്നറിയിപ്പിന്റെ ക്ലൈമാക്‌സിലെ രാഘവന്റെ ചിരി ഇന്നും പ്രേക്ഷകരെ ഉള്‍ക്കിടിലം കൊള്ളിക്കുന്നതാണ്.
അഥര്‍വത്തിലെ അനന്ത പത്മനാഭന്‍ അഥര്‍വ്വവേദം പഠിച്ച് പ്രതികാരത്തിന് ഇറങ്ങുന്ന തന്ത്രിയാണ്. തന്റെ അഥര്‍വ്വവേദ സിദ്ധികൊണ്ട് സമൂഹത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന നെഗറ്റീവ് കഥാപാത്രമാണിത്.
ജി എസ് വിജയന്‍ സംവിധാനം ചെയ്ത ചരിത്രത്തില്‍ ഫിലിപ്പ് മണവാളന്‍ എന്ന ഫിനാന്‍സിംഗ് കമ്പനി ഉടമയായാണ് മമ്മൂട്ടി അഭിനയിച്ചത്. ഫിലിപ്പിന്‍റെ അനുജന്‍ രാജു(റഹ്മാന്‍)വിന്‍റെ മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു ആ സിനിമയുടെ പ്രമേയം. ശോഭനയായിരുന്നു നായിക. മമ്മൂട്ടി ഒരേസമയം നായകനും വില്ലനുമായി എന്നതായിരുന്നു വലിയ പ്രത്യേകത.