ദൃശ്യവും മെമ്മറീസും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്ത്; മെഗാസ്റ്റാര്‍ നഷ്ടപ്പെടുത്തിയ രണ്ട് കിടിലന്‍ ചിത്രങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 25 ജനുവരി 2022 (12:04 IST)

ജീത്തു ജോസഫ് എന്ന സംവിധായകന്‍ മലയാളികളെ പലതവണ ഞെട്ടിച്ച സംവിധായകനാണ്. ദൃശ്യവും മെമ്മറീസുമാണ് ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് സിനിമകള്‍. ദൃശ്യത്തില്‍ മോഹന്‍ലാലും മെമ്മറീസില്‍ പൃഥ്വിരാജും നായകന്‍മാരായി. ഇരുവരുടേയും സിനിമ കരിയറില്‍ ഈ സിനിമകള്‍ വലിയ നാഴികക്കല്ല് ആകുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഈ രണ്ട് സിനിമകളും മമ്മൂട്ടി ചെയ്യേണ്ടിയിരുന്നതാണ്. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൃശ്യത്തിന്റെ കഥ താന്‍ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആണെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി. ദൃശ്യം ചെയ്യാന്‍ മമ്മൂക്ക തയ്യാറായിരുന്നു. കഥയൊക്കെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. എന്നാല്‍, നേരത്തെ വാക്ക് കൊടുത്ത നിരവധി പ്രൊജക്ടുകള്‍ ഉണ്ടെന്നും രണ്ട് വര്‍ഷത്തോളം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അല്ലെങ്കില്‍ മറ്റാരെയെങ്കിലും വെച്ച് ചെയ്‌തോളൂ എന്നും മമ്മൂട്ടി തന്നോട് പറഞ്ഞതായി ജീത്തു വെളിപ്പെടുത്തി. അങ്ങനെയാണ് ആന്റണി പെരുമ്പാവൂര്‍ വഴി ദൃശ്യത്തിന്റെ കഥയുമായി മോഹന്‍ലാലിന്റെ അടുത്ത് ജീത്തു ജോസഫ് എത്തിയത്.

മെമ്മറീസിന്റെ തിരക്കഥയും മമ്മൂട്ടിക്കാണ് ജീത്തു ആദ്യം വായിക്കാന്‍ നല്‍കിയത്. പല കാരണങ്ങളാല്‍ മമ്മൂട്ടിക്ക് തിരക്കഥ കണ്‍വിന്‍സിങ് ആയില്ല. അങ്ങനെയാണ് മെമ്മറീസില്‍ പൃഥ്വിരാജ് നായകനായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :