മമ്മൂട്ടിയും ദിലീപും ഒന്നിച്ച്, ആരാധകര്‍ ആവേശത്തില്‍; എന്നിട്ടും തിയറ്ററുകളില്‍ വന്‍ പരാജയമായ ചിത്രം

രേണുക വേണു| Last Modified ചൊവ്വ, 25 ജനുവരി 2022 (10:21 IST)

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ മലയാള സിനിമ ചരിത്രത്തിലുണ്ട്. അങ്ങനെയൊരു സിനിമയാണ് കമ്മത്ത് ആന്റ് കമ്മത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് കമ്മത്ത് ആന്റ് കമ്മത്ത്. ബോക്‌സ് ഓഫീസില്‍ പലതവണ ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരങ്ങള്‍ ഒന്നിച്ചിട്ടും ഇത്തവണ തിയറ്ററുകളില്‍ വന്‍ തിരിച്ചടി നേരിടേണ്ടിവന്നു.

2013 ജനുവരി 25 നാണ് കമ്മത്ത് ആന്റ് കമ്മത്ത് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകളോടെയായിരുന്നു സിനിമയുടെ റിലീസ്. ഉദയകൃഷ്ണ-സിബി കെ.തോമസ് രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് തോംസണ്‍ കെ.തോമസ് ആണ്. ആന്റോ ജോസഫാണ് സിനിമ നിര്‍മിച്ചത്. മമ്മൂട്ടിയും ദിലീപും സഹോദരങ്ങളായി അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയായിരുന്നു ഇത്. എന്നിട്ടും ചിത്രം തിയറ്ററുകളില്‍ വന്‍ പരാജയമായി. മമ്മൂട്ടിയുടെ രാജരാജ കമ്മത്ത് എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറി മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തിയത്. കാമ്പില്ലാത്ത കഥയാണ് സിനിമ തിയറ്ററില്‍ പരാജയപ്പെടാന്‍ പ്രധാന കാരണമായത്. മമ്മൂട്ടിക്കും ദിലീപിനും പുറമേ റിമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍, നരെയ്ന്‍, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. തമിഴ് സൂപ്പര്‍താരം ധനുഷ് അതിഥി വേഷത്തിലെത്തിയിട്ടും അതൊന്നും കമ്മത്ത് ആന്റ് കമ്മത്തിനെ ബോക്‌സ്ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചില്ല. ആ വര്‍ഷത്തെ പരാജയ ചിത്രങ്ങളില്‍ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രവും ഇടംപിടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :