1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kannappa Movie Hard Drive Missing

Kannappa Movie Hard Drive Missing: മോഹന്‍ലാല്‍ അഭിനയിക്കുന്ന 'കണ്ണപ്പ' സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് കാണാനില്ല

ഹാര്‍ഡ് ഡ്രൈവ് കൈപറ്റി എന്നു രഘു പറയുന്ന ചരിത എന്ന യുവതി ഒളിവിലാണ്

Mohanlal - Kannappa Movie
Kannappa Movie Hard Drive Missing: 'കണ്ണപ്പ' സിനിമയുടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് കെയ്‌സ് കാണാനില്ല. വി.എഫ്.എക്‌സ് വര്‍ക്കുകള്‍ക്കു ശേഷം നിര്‍മാണ കമ്പനിയിലേക്ക് പാര്‍സല്‍ അയച്ച ഹാര്‍ഡ് ഡ്രൈവ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫിലിംനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
മുംബൈയിലെ പ്രമുഖ വി.എഫ്.എക്‌സ് കമ്പനിയായ ഹൈവ് സ്റ്റുഡിയോസില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് കെയ്‌സ് ഡി.റ്റി.ഡി.സി കൊറിയര്‍ വഴി 'കണ്ണപ്പ' സിനിമയുടെ നിര്‍മാണ പങ്കാളിയായ ട്വന്റിഫോര്‍ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിലേക്ക് അയച്ചു. ഡി.റ്റി.ഡി.സി ഡെലിവറി റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 25 നു ഹാര്‍ഡ് ഡ്രൈവ് കെയ്‌സ് ട്വന്റിഫോര്‍ ഫ്രയിംസ് ഫാക്ടറിയില്‍ എത്തിയതായി കാണുന്നു. ഓഫീസ് ബോയ് രഘു അവിടെ തന്നെ ജോലി ചെയ്യുന്ന ചരിത എന്ന യുവതിക്ക് ഈ പാര്‍സല്‍ കൈമാറിയിട്ടുണ്ട്. 
 
ഹാര്‍ഡ് ഡ്രൈവ് കൈപറ്റി എന്നു രഘു പറയുന്ന ചരിത എന്ന യുവതി ഒളിവിലാണ്. ഈ സിനിമയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലരുമായി ഒത്തുകളിച്ചാണ് ചരിത എന്ന യുവതി ഹാര്‍ഡ് ഡ്രൈവ് ഇല്ലാതാക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ ആരോപിച്ചു. കണ്ണപ്പ സിനിമയുമായി ബന്ധപ്പെട്ട രഹസ്യാത്മക വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡ്രൈവില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ വെളിപ്പെടുത്തുകയോ ചെയ്താല്‍ നിര്‍മാണ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. 
 
മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കിരാത എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. വിഷ്ണു മഞ്ചുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവരും കണ്ണപ്പയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 1000 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
തുടരും, റെട്രോ, ഹിറ്റ് 3.. ഒടിടിയിൽ ഈ ആഴ്ച ചാകര, പ്രിയപ്പെട്ട സിനിമകൾ എവിടെ , എപ്പോൾ കാണാം?