Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (15:06 IST)
നായകനിൽ തുടങ്ങി വില്ലനായി മാറിയ താരമാണ് സത്താർ. മലയാള സിനിമയിൽ നിന്ന് തന്നെ ജീവിത സഖിയെ കണ്ടെത്തിയ സത്താറിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. സത്താറും ജയഭാരതിയും എന്ന് ചേർത്ത് പറയുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്. വിവാഹ മോചിതരായിട്ടും പഴിചാരാതെ അഭിമുഖങ്ങളിലെല്ലാം ജയഭാരതിയെപ്പറ്റി
സത്താർ ബഹുമാനത്തോട് കൂടിയേ സംസാരിച്ചിട്ടുള്ളൂ.
അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ സൂക്ഷിക്കുന്നവരിൽ ഒരാൾ അത്തരമൊരു നിമിഷം പങ്കുവയ്ക്കുകയാണ്. ചലച്ചിത്ര നിരൂപകനും, നിരീക്ഷകനും, ഫിലിം സൊസൈറ്റി പ്രവർത്തകനുമായ കെ.ജെ. സിജു സത്താറിനെ പരിചയപ്പെടാനുണ്ടായ സാഹചര്യം ഒരു ഫേസ്ബുക് പോസ്റ്റിലൂടെ വിവരിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം:
95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിംഗ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാൾ വരുന്നു. "ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.
ജയഭാരതി - സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ്മ വന്നത് അതാണെന്ന് ഞാൻ. പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു.
ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെയാ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.
സത്താറിന് ആദരാഞ്ജലി."