നിഹാരിക കെ.എസ്|
Last Modified ശനി, 11 ജനുവരി 2025 (08:16 IST)
നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ പ്രതികരിച്ച് നടൻ ജയം രവി. വിശാലിനെപ്പോലെ ഒരു ധൈര്യശാലി വേറെയില്ലെന്നും അദ്ദേഹം സിംഹത്തെപ്പോലെ കരുത്തനായി തിരിച്ചു വരുമെന്നും ജയം രവി പറഞ്ഞു. ബിഹൈൻഡ്‍വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'വിശാലിനെപ്പോലെ ഒരു ധൈര്യശാലി വേറെയില്ല. ജീവിതത്തിലെ മോശം കാലഘട്ടമെന്നോ സമയമെന്നോ ഒക്കെ പറയാവുന്ന സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ധൈര്യം തീർച്ചയായും അദ്ദേഹത്തെ രക്ഷിക്കും. വളരെ വേഗം അദ്ദേഹം തിരിച്ചു വരും. ഉറപ്പായും ഒരു സിംഹത്തെപ്പോലെ കരുത്തനായി തിരിച്ചു വരും,' ജയം രവി പറഞ്ഞു.
മദഗജരാജ സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, മാത്രമല്ല നടൻ പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ വിശാൽ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് വേദിയിലെത്തിയത്.