നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 11 നവംബര്‍ 2024 (10:50 IST)
ഡോണ്‍ ലി അണ്ണന് എന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന കൊറിയന്‍ താരം മാങ് ഡോങ് സിയോക് പ്രഭാസിന് വില്ലനാകുമെന്ന് റിപ്പോർട്ട്. ഡോണ്‍ ലി അണ്ണന് തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം അദ്ദേഹം പ്രഭാസിന്റെ സാലാര്‍ പാര്‍ട്ട് 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്.
വിവിധ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോൺ ലീയുടെ ആദ്യ ഇന്ത്യൻ സിനിമ പ്രഭാസിനൊപ്പം എന്നാണ് ദേശീയ മാധ്യമങ്ങൾ തലക്കെട്ടാക്കിയിരിക്കുന്നത്. സലാറിന്റെ അണിയറ പ്രവർത്തകർ വാർത്ത നിഷേധിച്ചിട്ടുമില്ല. ഇതോടെ, വാർത്ത സത്യമാണെന്നാണ് പ്രഭാസിന്റെ ആരാധകരും വിശ്വസിക്കുന്നത്. ഇടക്കാലത്ത് താരത്തിന്റെ മലയാള എന്ട്രിയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ താരം എത്തുന്നുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിന്റെ ഫാന്‍മെയ്ഡ് പോസ്റ്ററുകളടക്കം മാങ് ഡോങ്ങിന്റേതെന്ന തരത്തില്‍ പ്രചരിച്ചിരുന്നു.
ഡോൺ ലീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. സലാറിൽ ഡോൺ ലീ ഉണ്ടെങ്കിൽ എമ്പുരാനിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. എന്നാല്‍ ഡോണ്‍ ലി അണ്ണന്റെ ഇന്ത്യന്‍ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങളൊന്നു ഉണ്ടായിട്ടില്ല.