രേണുക വേണു|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (09:34 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5 - ദ ബ്രെയ്ന്‍ മേയ് 1 ന് തിയറ്ററുകളിലെത്തും. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോമിക് കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ എന്തൊക്കെ സസ്പെന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സിബിഐ 5 ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അടിമുടി സസ്പെന്‍സ് നിറച്ചുള്ള ട്രെയ്ലറില്‍ ബാസ്‌കറ്റ് കില്ലിങ് എന്ന പ്രയോഗം പ്രേക്ഷകര്‍ കേള്‍ക്കുന്നു. മലയാളികള്‍ക്ക് അത്രമേല്‍ സുപരിചിതമല്ലാത്ത ഒരു വാക്കാണ് അത്. എന്താണ് ബാസ്‌കറ്റ് കില്ലിങ് എന്നാണ് സിബിഐ 5 ട്രെയ്ലര്‍ റിലീസ് ചെയ്ത ശേഷം പ്രേക്ഷകര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത്.
ബാസ്‌കറ്റ് കില്ലിങ്ങിനെ കുറിച്ച് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി നേരത്തെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 'അതൊരു സസ്‌പെന്‍സാണ്. നിഗൂഢതയാണ്. ഈ വാക്ക് നിങ്ങളില്‍ പലരും കേട്ടുകാണില്ല. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ത്രെഡ്. അത് എന്താണെന്ന് പ്രേക്ഷകര്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകും'
'ബാസ്‌കറ്റ് കേസ്' എന്ന പേരില്‍ ഒരു അമേരിക്കന്‍ ചിത്രം മുമ്പ് പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിനെ അവലംബിച്ചാണോ ബാസ്‌കറ്റ് കില്ലിങ് എന്ന പ്രയോഗം നിലവില്‍ വന്നത് എന്ന സംശയമുണ്ട്. ഫ്രാങ്ക് ഹെനിന്‍ലോട്ടെര്‍ സംവിധാനം ചെയ്ത ബാസ്‌കറ്റ് കേസ് എന്ന ചിത്രം സയാമീസ് ഇരട്ട സഹോദരങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഇരട്ടകളില്‍ ഒരാള്‍ക്ക് വൃകൃതനായിപ്പോയതിന്റെ പേരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അയാളെ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന ജീവിതാവസ്ഥയാണ് ബാസ്‌കറ്റ് കേസ് എന്ന സിനിമ പറയുന്ന കഥ.
കുറ്റവാളി ഒരേ കാരണത്താല്‍ നിരവധിപേരെ കൊന്നൊടുക്കുന്ന രീതിയാകാം ബാസ്‌കറ്റ് കില്ലിങ്ങിലൂടെ തിരക്കഥാകൃത്ത് ഉദ്ദേശിച്ചിട്ടുണ്ടാകുക. അല്ലെങ്കില്‍ ഒരേ ഉപകരണം ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നതുമാകാം. കൊലപാതകത്തില്‍ കുറ്റവാളി സ്വീകരിക്കുന്ന സവിശേഷമായ രീതിയായിരിക്കും ബാസ്‌കറ്റ് കില്ലിങ്ങിലൂടെ എസ്എന്‍ സ്വാമി ഉദ്ദേശിച്ചിട്ടുണ്ടാകുകയെന്നാണ് പ്രേക്ഷകരുടെ അനുമാനം.