തമിഴ് സിനിമാലോകം അമ്പരപ്പിലാണ്. ഇളയദളപതി വിജയിന്റെ വേലായുധം, ‘തല’ അജിത്തിന്റെ മങ്കാത്ത എന്നീ സിനിമകളുടെ റിലീസ് ഡേറ്റ് എന്നായിരിക്കും എന്നാലോചിച്ച് തല പുകച്ചുകൊണ്ടിരുന്ന അവര്‍ക്ക് ഞെട്ടല്‍ നല്‍കിക്കൊണ്ട് മലയാളത്തിലെ രണ്ട് വിതരണക്കമ്പനികള്‍ ഈ സിനിമകളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19ന് മങ്കാത്തയും, 31ന് വേലായുധവും കേരളത്തില്‍ റിലീസ് ചെയ്യുമെന്നാണ് മലയാളത്തിലെ വിതരണക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള ദിവ്യാ പിക്ചേഴ്സാണ് ‘മങ്കാത്ത’ വിതരണത്തിനെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 19ന് കേരളത്തില്‍ മങ്കാത്തയ്ക്കായി കമ്പനി തിയേറ്ററുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഓണത്തിന് മൂന്നാഴ്ച മുമ്പ് മങ്കാത്ത എത്തുന്നതിനാല്‍ തിയേറ്ററുകാരും സന്തോഷത്തിലാണ്.
തമിഴ് ചിത്രങ്ങള്‍ കേരളത്തിലെത്തിക്കുന്ന പ്രമുഖ വിതരണക്കമ്പനിയായ തമീന്‍സ് ആണ് വേലായുധത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് നൂറിലധികം സ്ക്രീനുകളില്‍ കേരളത്തില്‍ വേലായുധം റിലീസാകുമെന്നാണ് തമീന്‍സ് അറിയിച്ചിരിക്കുന്നത്.
വന്‍ തുകയ്ക്കാണ് മങ്കാത്തയുടെയും വേലായുധത്തിന്റെയും കേരളത്തിലെ വിതരണാവകാശം ദിവ്യാ പിക്ചേഴ്സും തമീന്‍സും വാങ്ങിയിരിക്കുന്നത്. ബില്ല പോലെ, പോക്കിരി പോലെ ഈ സിനിമകളും കേരളത്തില്‍ പണം വാരുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാര്‍.