‘മങ്കാത്ത’യില്‍ അജിത് നെഗറ്റീവ് റോളില്‍!

WEBDUNIA|
PRO
‘തല’ ഇത്തവണ ഏവരെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞെട്ടാന്‍ ആരാധകരും റെഡിയായി കഴിഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ലുക്കും കഥാപാത്രസ്വഭാവവുമാണ് തന്‍റെ അമ്പതാം ചിത്രമായ മങ്കാത്തയില്‍ അജിത്തിന് ഉള്ളത്. ഈ ചിത്രത്തില്‍ അജിത് നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

വിനായക് മഹാദേവന്‍ എന്നാണ് അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പൂര്‍ണമായും ഇതൊരു നെഗറ്റീവ് കഥാപാത്രമാണ്. ‘വാലി’ എന്ന ചിത്രത്തില്‍ അജിത് അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് കാരക്ടറായിരുന്നു. എന്നാല്‍ മങ്കാത്തയില്‍ രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണ് വിനായക് മഹാദേവന്‍. ‘ബാസീഗര്‍’ എന്ന സിനിമയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വില്ലത്തരം നിറഞ്ഞ വേഷമാണ് അജിത് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞു.

അജിത്തിന്‍റെ മുന്‍ സിനിമകളിലേതുപോലെ ആവേശം നിറയ്ക്കുന്ന പഞ്ച് ഡയലോഗുകളൊന്നും മങ്കാത്തയില്‍ ഉണ്ടാകില്ല. ഇതൊരു ക്ലീന്‍ ത്രില്ലറായിരിക്കും. ഒരു കുറ്റവാളിയും സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ഡിയും തമ്മിലുള്ള ക്യാറ്റ് ആന്‍റ് മൌസ് കളി. സി ഐ ഡിയെ അവതരിപ്പിക്കുന്നത് ആക്ഷന്‍ കിംഗ് അര്‍ജുന്‍ ആണ്.

ത്രിഷയാണ് ചിത്രത്തിലെ നായിക. “മങ്കാത്ത ഒരു ഹീറോ ഓറിയന്‍റഡ് ഫിലിം ആണ്. എന്നാല്‍ എനിക്കും പെര്‍ഫോം ചെയ്യാനുള്ള വകുപ്പൊക്കെയുണ്ട്. വളരെ സ്വീറ്റായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്” - ത്രിഷ അറിയിക്കുന്നു.

ലക്‍ഷ്മി റായി, അഞ്ജലി(അങ്ങാടിത്തെരു ഫെയിം), ആന്‍ഡ്രിയ തുടങ്ങിയവരും മങ്കാത്തയിലെ താരങ്ങളാണ്. മുംബൈയിലെ ധാരാവിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :