കേരളത്തില്‍ യുഡി‌എഫ്, തമിഴ്നാട്ടില്‍ ഡി‌എംകെ: സര്‍വെ

ചെന്നൈ| WEBDUNIA|
PRO
കേരളത്തില്‍ യുഡി‌എഫും തമിഴ്നാട്ടില്‍ ഡി‌എംകെയും അധികാരത്തില്‍ വരുമെന്ന് പോസ്റ്റ്-പോള്‍ സര്‍വെ. വോട്ടെണ്ണലിനു രണ്ടാഴ്ച ബാക്കി നില്‍ക്കെ ‘ദ ഹെഡ്‌ലൈന്‍സ് ടുഡേ’ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പറയുന്നത്.

കേരളത്തില്‍ യുഡി‌എഫ് അധികാരത്തിലെത്താനാണ് സാധ്യത എന്ന് പറയുന്ന സര്‍വെയില്‍ നേരത്തെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ യുഡി‌എഫിന് ലഭിക്കുമെന്ന് പറഞ്ഞിരുന്നതിനെക്കാള്‍ കുറവ് സീറ്റേ ലഭിക്കൂ‍ എന്നും വ്യക്തമാക്കുന്നു. യുഡി‌എഫിന് 85 -92 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെയില്‍ പറയുന്നത്. എന്നാല്‍, യുഡി‌എഫിന് 96 സീറ്റ് ലഭിക്കുമെന്നായിരുന്നു നേരത്തെ നടന്ന അഭിപ്രായ വോട്ടെടുപ്പ് ഫലം.

ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന എല്‍ഡി‌എഫ് 45 - 52 സീറ്റുകള്‍ നേടുമെന്നും സര്‍വെയില്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 സീറ്റ് നേട്ടമുണ്ടാക്കുമെന്നും ഇടതുപക്ഷത്തിന് 39 - 46 വരെ സീറ്റ് നഷ്ടമാവുമെന്നും സര്‍വെയില്‍ പറയുന്നു.

എന്നാല്‍, തമിഴ്നാട്ടില്‍ ഡി‌എംകെ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സര്‍വെയില്‍ പറയുന്നത്. ഡി‌എംകെ അവസാനത്തെ പതിനഞ്ച് ദിവസത്തെ പ്രചാരണം കൊണ്ട് നഷ്ടമായ ജനസ്വാധീനം തിരിച്ചുപിടിച്ചു എന്നാണ് സര്‍വെ നടത്തിയവര്‍ പറയുന്നത്. ഡി‌എംകെയും സഖ്യകക്ഷികളും 115 - 130 സീറ്റുകള്‍ വരെ നേടും. എഐ‌എഡി‌എംകെ സഖ്യത്തിന് 105 - 120 സീറ്റുകള്‍ വരെ നേടാനെ കഴിയൂ. അതായത്, ഡി‌എംകെ സഖ്യത്തിന് 33 മുതല്‍ 48 സീറ്റുകള്‍ വരെ നഷ്ടമാകുമ്പോള്‍ മറുപക്ഷം 36 - 51 വരെ സീറ്റ് നേട്ടമുണ്ടാക്കും.

ഗ്രാമപ്രദേശത്തെ 45 ശതമാനം വോട്ടര്‍‌മാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഡി‌എം‌കെയെ അനുകൂലിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ സര്‍വെയില്‍ ഡി‌എംകെയെ അനുകൂലിക്കുന്നവരുടെ എണ്ണം 50 ശതമാനമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശത്തുണ്ടായ അഞ്ച് ശതമാനം മാറ്റം ഡി‌എംകെയെ അധികാരത്തിലെത്തിക്കുമെന്നാണ് സര്‍വെ നടത്തിയവര്‍ കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :