ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 22 മെയ് 2009 (19:22 IST)
ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പതിനഞ്ചാം ലോക്സഭയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്‍മോഹന്‍ സിംഗിനൊപ്പം 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയാകുന്നത്.
പ്രധാനമന്ത്രിക്ക് ശേഷം പ്രണാബ് മുഖര്‍ജിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ യു പി എ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ഇടയ്ക്ക് ധനകാര്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് ശരദ് പവാറാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു പവാര്‍. ഹിന്ദിയിലാണ് ശരദ് പവാര്‍ സത്യവാചകം ചൊല്ലിയത്. പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും ഇത്തവണ എം പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എ കെ ആന്‍റണിയാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്. ആന്‍റണി ദൃഢപ്രതിജ്ഞയാണ് എടുത്തത്. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരനാണ് എ കെ ആന്‍റണി.
ആന്‍റണിക്കു പിന്നാലെ പി ചിദംബരമാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആദ്യം ധനകാര്യവകുപ്പും പിന്നീട് ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തു. മുന്‍ സര്‍ക്കാരില്‍ വാണിജ്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ റെയില്‍വേ വകുപ്പ് മമതയ്ക്ക് ലഭിക്കും എന്നാണ് കരുതുന്നത്.
കര്‍ണാടകരാഷ്ട്രീയത്തിലെ അതികായനായ എസ് എം കൃഷ്ണയാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്. ദേശീയരാഷ്ട്രീയത്തിലേക്കുള്ള കൃഷ്ണയുടെ ശക്തമായ കടന്നുവരവാണിത്. ആദ്യമായാണ് ക്യാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിസ്ഥാനത്ത് കൃഷ്ണ എത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു.
എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്നു. ആസാദിന് ശേഷം സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ സര്‍ക്കാരില്‍ ഊര്‍ജ്ജ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണറാണ്.